ക്ലബ് ലോകകപ്പ് ഫുട്‌ബോൾ പോരാട്ടത്തിൽ ലയണൽ മെസിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെ വിജയം സ്വന്തമാക്കി ഇന്റർ മയാമി. ഗ്രൂപ്പ് 'എ'യിൽ ഇന്റർ മയാമി ഒന്നിനെതിരെ രണ്ട് ഗോളിനാണ് എഫ്സി പോർട്ടോയെ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മെസിയുടെയും സംഘത്തിന്റേയും ജയം.
-------------------aud------------------------------
മെസിയായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ പെനാൽറ്റിയിലൂടെ എഫ്സി പോർട്ടോ മുന്നിലെത്തി. സാമു അഗീഹോവയുടെ വകയായിരുന്നു ഗോൾ. 19-ാം മിനിറ്റിൽ തിരിച്ചുവരവിന് മയാമി ശ്രമം ഉണ്ടായെങ്കിലും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. മെസിയുടെ പാസിൽ സുവാരസിന്റെ ഷോട്ട് പോർട്ടോ ഗോൾകീപ്പർ പ്രതിരോധിച്ചിട്ടു. ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ പോർട്ടോയ്ക്ക് കഴിഞ്ഞു. രണ്ടാം പകുതിയിലാണ് മെസിയും സംഘവും തിരിച്ചടിച്ചത്. 47-ാം മിനിറ്റിൽ ടെലാസ്‌കോ സെഗോവിയയുടെ വകയായിരുന്നു ഗോൾ പിറന്നു. തൊട്ടുപിന്നാലെ 54-ാം മിനിറ്റിൽ മെസിയുടെ ഗോൾ പിറന്നു. ബോക്സിന് പുറത്തുനിന്ന് കർവ് ചെയ്തുള്ള മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് ഇന്റർ മയാമിക്ക് ജയമൊരുക്കിയത്. ഇതോടെ ഇന്റർ മയാമിക്കായി 50 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കാനും മെസിക്ക് കഴിഞ്ഞു. 61 മത്സരങ്ങളിൽ നിന്നാണ് ചരിത്ര നേട്ടത്തിലെത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി 119 മത്സരങ്ങളിൽ നിന്നും അർജന്റീനയ്ക്ക് വേണ്ടി 107 മത്സരങ്ങളിൽ നിന്നുമാണ് മെസ്സി 50 ഗോൾ നേട്ടം സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് വേണ്ടി 71 മത്സരങ്ങൾ കളിച്ച മെസ്സി 32 ഗോളുകളും 35 അസിസ്റ്റുകളും നേടിയിരുന്നു. ഫുട്‌ബോൾ ചരിത്രത്തിൽ 1250 ഗോൾ സംഭാവനകൾ നൽകുന്ന ആദ്യ താരമാകാനും മെസിക്ക് കഴിഞ്ഞു. 866 ഗോളുകളും 384 അസിസ്റ്റുകളും ഉൾപ്പെടെയാണ് ഇതിഹാസത്തിന്റെ ചരിത്ര നേട്ടം. 1,107 മത്സരങ്ങളാണ് മെസി തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. 1,281 മത്സരങ്ങളിൽ നിന്നായി 938 ഗോളുകളും 257 അസിസറ്റുകളും ഉൾപ്പെടെ 1,195 ഗോൾ സംഭാവനകൾ നൽകിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മെസിക്ക് പിന്നിൽ.
© Copyright 2025. All Rights Reserved