ശ്രീനഗർ: ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിൻ്റെ വികസനം തടയാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരർ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ജമ്മു കശ്മീരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ രാജ്യത്തിന്റെ കരുത്ത് വർധിച്ചതിന്റെ തെളിവാണെന്ന് ചെനാബ് പാലം രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കത്ര - ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെനാബ്, അഞ്ജി പാലവും മോദി ഉദ്ഘാടനം ചെയ്തു.
ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവെ ലൈനിനും മോദി ഇന്ന് തുടക്കം കുറിച്ചു. ഓംകാരം ചൊല്ലി മാതാ വൈഷ്ണോ ദേവിയെ സ്തുതിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. വീർ സൊറാവർ സിംഗിന്റെ നാടാണിത്, ഈ ഭൂമിയെ വണങ്ങുന്നു. ഈ പദ്ധതികൾ കേവലം പേരിൽ മാത്രമല്ല , വലിയ പ്രത്യേകതകളുള്ളതാണ്. പുതിയ വികസന പദ്ധതികൾ സംസ്ഥാനത്തിന് പുതിയ ഊർജം നൽകും. ഈ പദ്ധതികൾ രാജ്യത്തിൻ്റെ കരുത്ത് വർധിച്ചതിൻ്റെ തെളിവാണ്. ചെനാബ് പാലം ഈഫൽ ടവറിനേക്കാൾ ഉയരമുള്ളതാണ്, അഞ്ജി പാലം എഞ്ചിനീയറിംഗ് വിസ്മയമാണ്. ഇത് കേവലം ഒരു നിര്മ്മാണമല്ല, ഇത് ഭാരതത്തിന്റെ ശക്തിയുടെ പ്രതീകമാണ്. ഇത് ഭാരതത്തിന്റെ മികച്ച ഭാവിയുടെ സിംഹഗർജനമാണ്, ഭാരത്തിന്റെ ലക്ഷ്യം എത്ര വലുതാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved