അബുദാബി: കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെയുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് വിദേശ ബാങ്കുകളുടെ യുഎഇ ശാഖകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് വൻതുക പിഴ ചുമത്തി. രണ്ട് ബാങ്കുകള്‍ക്കും കൂടി 1.81 കോടി ദിർഹമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു ബാങ്കിന് 1.06 കോടി ദിർഹമും രണ്ടാമത്തെ ബാങ്കിന് 75 ലക്ഷം ദിർഹമുമാണ് പിഴ വിധിച്ചത്.
സെന്‍ട്രല്‍ ബാങ്ക് നടത്തിയ അന്വേഷണത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. നിയമലംഘനം നടത്തിയ ബാങ്കുകളുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ നിരവധി നടപടികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബാങ്കുകൾക്കെതിരായ ഈ നടപടി. കഴിഞ്ഞ ആഴ്ച കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരായ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ നധവിനിമയ സ്ഥാപനത്തിന് 20 കോടി ദിർഹം പിഴ ചുമത്തിയിരുന്നു.
© Copyright 2024. All Rights Reserved