മെഡിക്കൽ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. മെഡിക്കൽ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാർക്കിൻറെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ സംസ്ഥാന സർക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
-----------------------------
നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ാം ക്ലാസിലെ മാർക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചത്. മണിതനേയ മക്കൾ കച്ചി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തമിഴക വെട്രി കഴകം, സിപിഎം തുടങ്ങി നിരവധി പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചു. നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന ആവശ്യം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി കെ കനിമൊഴി ആവർത്തിച്ചു. ഞങ്ങൾക്ക് നീറ്റ് വേണ്ടെന്ന് സ്ഥിരമായി പറയുന്നുണ്ട്. നീറ്റ് ന്യായമായ പരീക്ഷയല്ലെന്ന് ഇപ്പോൾ തെളിഞ്ഞു. നീറ്റ് കാരണം വിദ്യാർത്ഥികൾക്ക് വളരെയധികം നഷ്ടം സംഭവിക്കുന്നുവെന്നും കനിമൊഴി ഡൽഹിയിൽ എഎൻഐയോട് പ്രതികരിച്ചു. നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി നൽകിയിരിക്കുകയാണ്. ഇതിന് ഉടൻ അനുമതി നൽകണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു.
4750 കേന്ദ്രങ്ങളിലായി 23ലക്ഷത്തിലധികം വിദ്യാർഥികളാണ് മെയ് 5ന് നടന്ന നീറ്റ് പരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷയിൽ പങ്കെടുത്ത 67 വിദ്യാർഥികൾ മുഴുവൻ മാർക്കായ 720 മാർക്ക് നേടിയതാണ് പരീക്ഷയിലെ ക്രമക്കേട് ശ്രദ്ധിക്കാൻ കാരണമായത്.
© Copyright 2024. All Rights Reserved