
വാഷിങ്ടൻ തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് സമർപ്പിക്കുന്നതായി വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ. സ്വാതന്ത്യം നേടാനുള്ള എല്ലാ വെനസ്വേലക്കാരുടെയും പോരാട്ടത്തിനുള്ള ഈ അംഗീകാരം ദൗത്യം പൂർത്തിയാക്കാൻ ഒരു പ്രചോദനമാണെന്ന് മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.
"ഞങ്ങൾ വിജയത്തിന്റെ പടിവാതിലിലാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും നേടുന്നതിനുള്ള ഞങ്ങളുടെ പ്രധാന സഖ്യകക്ഷികളായി പ്രസിഡൻ്റ് ട്രംപ്, യുഎസിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനതകൾ, ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ എന്നിവരെ ഞങ്ങൾ കരുതുന്നു. ഈ സമ്മാനം ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും ഞങ്ങളുടെ ലക്ഷ്യത്തിനു നിർണായകമായ പിന്തുണ നൽകിയ പ്രസിഡൻ്റ് ട്രംപിനും സമർപ്പിക്കുന്നു"- മരിയ കൊറിന മചാഡോ എക്സിൽ കുറിച്ചു.
വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിലും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് നൊബേൽ പുരസ്‌കാരം. ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അലക്‌സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മച്ചാഡോ പിന്നീട് വെൻ്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
















© Copyright 2025. All Rights Reserved