
കയ്റോ / ജനീവ ഇസ്രയേൽ ആക്രമണങ്ങൾക്ക് അറുതിയില്ലാത്ത ഗാസയിൽ ഇന്നലെ മാത്രം 62 പലസ്‌തീൻകാർ കൂടി കൊല്ലപ്പെട്ടതോടെ യുദ്ധത്തിലെ മരണസംഖ്യ 60,034 ആയി. ഗാസയിൽ പലകാലങ്ങളിൽ സംഘർഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ഭീമമായ മരണസംഖ്യ ആദ്യമാണ്. ഗാസയിൽ 662 ദിവസം പിന്നിട്ട യുദ്ധത്തിൽ, 36 പേരിൽ ഒരാൾ എന്ന നിരക്കിലാണു മരണമെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാംപിലടക്കം ഇസ്രയേൽ ആക്രമണമുണ്ടായി.
2023 ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തോടെയാണു ഗാസ യുദ്ധം ആരംഭിച്ചത്. അന്ന് ഇസ്രയേലിൽ 1200 പേർ കൊല്ലപ്പെട്ടു; 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു മാറ്റിയിരുന്നു. ബന്ദികളിൽ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയിൽത്തന്നെ മരിച്ചു.
ഗാസയിലെ പലസ്‌തീൻകാർ പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്ന് ആഗോള ഭക്ഷ്യഭദ്രത മേൽനോട്ട സമിതിയുടെ മുന്നറിയിപ്പുണ്ട്. ഗാസയിലേത് ക്ഷാമമായി പ്രഖ്യാപിക്കണമെന്നാണ് ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) ചൂണ്ടിക്കാട്ടുന്നത്. 88 കുട്ടികളടക്കം 147 പേരാണ് പട്ടിണി മൂലം മരിച്ചത്.
എല്ലുന്തി മൃതപ്രായരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതിനിടെ, ഗാസയിൽ അതികഠിനമായ പട്ടിണിയും ക്ഷാമവുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. 'ആ കുട്ടികളെ കണ്ടാലറിയാം, മുഴുപ്പട്ടിണിയിലാണെന്ന്' - സ്കോട്ലൻഡ് സന്ദർശനത്തിനിടെ ട്രംപ് അഭിപ്രായപ്പെട്ടു. ഗാസയിൽ പട്ടിണിയില്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ നിലപാട് തള്ളിയായിരുന്നു ഇത്. രണ്ടു മാസത്തിനുള്ളിൽ 5000 ട്രക്കുകളിലായി ഗാസയിൽ സഹായമെത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
ഇതിനിടെ, ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് യൂറോപ്യൻ യൂണിയനോട് ഫ്രാൻസ് ആവശ്യപ്പെട്ടു. ഗാസയിലെ ദുരിതപരിഹാരത്തിനും വെടിനിർത്തലിനുമായി ഇസ്രയേൽ തയാറാകുന്നില്ലെങ്കിൽ സെപ്റ്റംബറിലെ യുഎൻ സമ്മേളനത്തിൽ പലസ്‌തീൻ രാഷ്ട്രപദവി അംഗീകരിക്കുന്ന കാര്യം ബ്രിട്ടൻ പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പറഞ്ഞു.
















© Copyright 2025. All Rights Reserved