ഇസ്ലാമാബാദ് അഫ്ഗാനിസ്‌ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാൻ പാക്കിസ്ഥാൻ നീക്കം. 'പരസ്പ്‌പര വിശ്വാസം' ദൃഢമാക്കി മുന്നോട്ടുപോകാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്ക്-അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്താൻ ചൈനയുടെ മധ്യസ്‌ഥതയിൽ വെള്ളിയാഴ്‌ച ബെയ്‌ജിങ്ങിൽ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് പാക്കിസ്‌ഥാൻ്റെ പുതിയ നീക്കം. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യ അഫ്ഗാനിസ്‌ഥാനുമായി നയതന്ത്ര ബന്ധത്തിനു തുടക്കമിട്ടതും പാക്കിസ്‌ഥാൻ്റെ മനംമാറ്റത്തിനു കാരണമായി വിലയിരുത്തപ്പെടുന്നു.
ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാക് ധറും അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖിയും തമ്മിൽ ഞായറാഴ്‌ച ടെലിഫോണിൽ ചർച്ച നടത്തി. പരസ്പരം അംബാസഡർമാരെ നിയമിക്കാനും ഇരുരാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. നിലവിൽ അംബാസഡറിനു താഴെയുള്ള, ചാർജ് ദ് അഫയേഴ്‌സ് റാങ്കിലുള്ള ഉദ്യോഗസ്‌ഥനെയാണ് പാക്കിസ്ഥാൻ അഫ്ഗാനിൽ നിയോഗിച്ചിട്ടുള്ളത്. ഇത് അംബാസഡർ തലത്തിലുള്ള ബന്ധമാക്കി ഉയർത്തുമെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. കാബൂളും പാക്കിസ്‌ഥാനിൽ അംബാസഡറെ നിയമിക്കുമെന്ന് ഇസ്ഹാക് ധറിനെ മുത്താഖി അറിയിച്ചിട്ടുണ്ട്.
ചൈന ഉൾപ്പെടെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് അഫ്ഗാനിലെ താലിബാൻ സർക്കാരിന്റെ അംബാസഡർമാരെ അംഗീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കുറച്ചുകാലങ്ങളായി മോശമാണ്. അതിർത്തി കടന്ന് ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാൻ ഭരണകൂടം അഭയം നൽകുന്നുണ്ടെന്ന് പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. അഫ്ഗാൻ പൗരന്മാരെ പാക്കിസ്ഥാൻ നാടുകടത്തുന്നതും ഇരു രാജ്യങ്ങൾക്കും ഇടയിലെ പ്രശ്‌നമായിരുന്നു. നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അഫ്ഗാൻ മന്ത്രി മുത്താഖിയും ചർച്ച നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദുറിൽ ഇന്ത്യയെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയ രാജ്യമായിരുന്നു അഫ്ഗാൻ. അഫ്ഗാനിസ്‌ഥാനും ഇന്ത്യയ്ക്കുമിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടെന്നും ജയശങ്കർ പറഞ്ഞിരുന്നു.
© Copyright 2024. All Rights Reserved