
ബ്രിട്ടൻ ഗാസയിലെ ആക്രമണം ഇസ്രയേൽ അവസാനിപ്പിച്ചില്ലെങ്കിൽ പലസ്‌തീനെ സെപ്റ്റംബറിൽ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. 'ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. വെടിനിർത്തൽ നടപ്പാക്കണം. വെസ്‌റ്റ് ബാങ്കിൽ അധിനിവേശം ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കണം. ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാക്കുന്ന ദീർഘകാല സമാധാന പ്രക്രിയയ്ക്ക് പ്രതിജ്‌ഞാബദ്ധമാകണം. ഈ നിബന്ധനകൾ പാലിക്കാത്തപക്ഷം പലസ്തീനെ സെപ്റ്റംബറിൽ സ്വതന്ത്രരാഷ്ട്രമായി ബ്രിട്ടൻ അംഗീകരിക്കും. ഇസ്രയേലും ഹമാസും തമ്മിൽ തുല്യതയില്ല. ഹമാസിന് മുന്നിൽവയ്ക്കുന്ന ആവശ്യങ്ങൾ അതേപടി തുടരുന്നു. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. വെടിനിർത്തലിന് സമ്മതിക്കണം. ഗാസയുടെ ഭരണത്തിൽ അവർക്ക് ഒരു പങ്കും ഉണ്ടാകില്ലെന്ന് അംഗീകരിക്കണം. കൂടാതെ നിരായുധരാകണം' -സ്‌റ്റാമെർ വ്യക്തമാക്കി. കാബിനറ്റ് യോഗത്തിനു ശേഷമാണ് സാമെർ നിർണായക പ്രഖ്യാപനം നടത്തിയത്.
പലസ്തീൻ സ്വതന്ത്രരാഷ്ട്ര പ്രഖ്യാപനം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയെന്നും സ്റ്റാമെർ പറഞ്ഞു. പട്ടിണിയിലായ ഗാസ ജനതയ്ക്ക് ആവശ്യമായ സഹായം എത്രയും വേഗം എത്തിച്ചുനൽകണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതു സംബന്ധിച്ച് സാമെറുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംസാരിച്ചിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. പലസ്‌തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പലസ്‌തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന ബ്രിട്ടൻ്റെ പ്രഖ്യാപനം ഹമാസിനുള്ള പ്രതിഫലമാണെന്നും ഗാസയിൽ വെടിനിർത്തൽ കൈവരിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
















© Copyright 2025. All Rights Reserved