
ജറുസലം. ഗാസ യുദ്ധത്തിനിടെ അറസ്‌റ്റ് ചെയ്‌ത പലസ്തീൻ തടവുകാരനെ ഇസ്രയേൽ സൈനികർ ഉപദ്രവിക്കുന്ന വിഡിയോ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ മുഖ്യ നിയമോപദേഷ്‌ടാവ് അഡ്വക്കറ്റ് ജനറൽ യിഫാറ്റ് തോമർ യെരുഷൽമി രാജിവച്ചു. വിഡിയോ ചോർന്നതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് രാജി. വിഡിയോ ചോർത്തുന്നതിന് 2024 ഓഗസ്‌റ്റിൽ അനുമതി നൽകിയിരുന്നതായി തോമർ യെരുഷൽമി പറഞ്ഞു.
വിഡിയോ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ അഞ്ച് സൈനികർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിഷേധക്കാർ രണ്ടു സൈനിക കേന്ദ്രങ്ങളിൽ അതിക്രമിച്ച് കയറി.
വിഡിയോ ചോർച്ചയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും തോമർ യെരുഷൽമിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. നിയമ വകുപ്പിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടതെന്ന് തോമർ യെരുഷൽമി ന്യായീകരിച്ചു. സൈനികരുടെ തെറ്റായ നടപടികളുടെ പേരിൽ തന്റെ വകുപ്പ് അപവാദ പ്രചാരണങ്ങൾക്ക് വിധേയമായെന്നും അവർ പറഞ്ഞു. സർക്കാർ പ്രതിനിധികൾ യെരുഷൽമിയുടെ നടപടിയെ രുക്ഷമായി വിമർശിച്ചു. ഇസ്രയേൽ സൈനികർക്കെതിരെ കുറ്റങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആരും സൈന്യത്തിൻ്റെ ഭാഗമാകാൻ യോഗ്യരല്ലെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്‌തമാക്കി.
















© Copyright 2025. All Rights Reserved