വിലക്കയറ്റത്തിനോട് പൊരുതാൻ ഏറ്റവും മികച്ച തന്ത്രം ഭക്ഷണ പദാർത്ഥങ്ങൾ പാഴാക്കുന്നത് തടയുകയാണെന്ന യാഥാർത്ഥ്യം ബ്രിട്ടീഷുകാരും തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായി, നേരത്തേ പാക്ക് ചെയ്ത് വെച്ച പഴവർഗ്ഗങ്ങളും പച്ചക്കറികളും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഉടൻ അപ്രത്യക്ഷമാകും. പകരം ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം എണ്ണിയോ തൂക്കം നോക്കിയോ പഴങ്ങളും പച്ചക്കറികളും വാങ്ങാനാകും.
ഇപ്പോൾ തന്നെ ചില സൂപ്പർമാർക്കറ്റുകൾ പുതിയ പഴങ്ങളും പച്ചൈക്കറികളും റീസൈക്കിൾ ചെയ്യാവുന്ന ബാഗുകളിൽ ലൂസ് ആയി നൽകുന്നുണ്ടെങ്കിലും, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ഈ നിരോധനം നിലവിൽ വന്നാൽ, എല്ലാ സൂപ്പർമാർക്കറ്റുകളും അത്തരത്തിൽ ചെയ്യാൻ നിർബന്ധിതമാകും. ഒരു പുതിയ പഠനം വ്യക്തമാക്കിയത് 2021-ൽ ഒരു വ്യക്തിക്ക് ഏകദേശം 76 കിലോ വരെ വീതം ഭക്ഷണപദാർത്ഥങ്ങൾ പാഴായി എന്നാണ്.
ഈ നിരോധനം നിലവിൽ വന്നാലും, മൃദുവായ പഴവർഗ്ഗങ്ങൾ പോലെ എളുപ്പത്തിൽ കേടാവുന്ന ചിലത് പ്ലാസ്റ്റിക് ബാഗുകളിൽ തന്നെ വിൽക്കാൻ കഴിയും എന്നാണ്, ഇത്തരം ഒരു നിരോധനത്തിനായി മുൻകൈ എടുത്ത ചാരിറ്റി സംഘടനയായ റാപ് അറിയിച്ചത്. നാം വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ 12 ശതമാനത്തോളം നാം പാഴാക്കുന്നു എന്നാണ് റാപ് ഡയറക്ടർ കാതറിൻ ഡേവിഡ് പറഞ്ഞത്. അതായത്, നാലംഗങ്ങൾ ഉള്ള ഒരു ശരാശരി കുടുംബം പ്രതിവർഷം 1000 പൗണ്ടോളം മൂല്യമുള്ള ഭക്ഷണ വസ്തുക്കൾ പാഴാക്കുന്നു എന്നർത്ഥം.
ഇതിന് പ്രധാന കാരണം, നിലവിലെ ഭക്ഷ്യ വിതരണ സമ്പ്രദായമാണ്. ഒരു വ്യക്തിക്ക് ഭക്ഷിക്കാൻ കഴിയുന്നത്ര ഭക്ഷണ പദാർത്ഥങ്ങൾ മാത്രം വാങ്ങുവാൻ ഇവിടെ അവസരമില്ല. പലപ്പോഴും ആവശ്യത്തിലധികം വസ്തുക്കൾ വാങ്ങേണ്ടതായി വരുന്നു എന്ന് കാതറിൻ ഡേവിഡ് ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 19 ശതമാനം പഴവർഗ്ഗങ്ങളും പച്ചക്കറികളും മാത്രമാണ് ലൂസ് ആയി വിൽക്കുന്നത്.
ചുരുങ്ങിയത് 30 ശതമാനം പഴവർഗ്ഗങ്ങളും പച്ചക്കറികളും ലൂസ് ആയി വിൽക്കുന്നതിന് സൂപ്പർ മാർക്കറ്റുകൾ സ്വമേധയാ ലക്ഷ്യമിട്ടെങ്കിലും അതിലേക്കുള്ള യാത്ര വളരെ സാവധാനമാണെന്നും കാതറിൻ പറയുന്നു. പുതിയ റിപ്പോർട്ടിൽ പറയുന്നത് വരുന്ന മൂന്ന് വർഷങ്ങൾക്കുള്ളിൽ 80 ശതമാനം പാക്കേജിംഗുകൾ നീക്കം ചെയ്യണം എന്നാണ്. ഇപ്രകാരം പാക്ക് ചെയ്ത പഴവർഗ്ഗങ്ങളും പച്ചക്കറികലും വിൽക്കുന്നത് നിരോധിക്കുക വഴി പ്ലാസ്റ്റിക് മാലിന്യങ്ങളും കുറയ്ക്കാൻ കഴിയുമെന്ന് സർക്കാർ വിശ്വസിക്കുന്നു.
ആയിരക്കണക്കിന് ടൺ പ്ലാസിക് പാക്കിംഗുകളാണ് ഓരോ വർഷവും ലാൻഡ് ഫില്ലിംഗിന് ഉപയോഗിക്കുകയോ കത്തിച്ചു കളയുകയോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള സൂപ്പർമാർക്കറ്റുകളുടെ ഏത് പദ്ധതിയേയും താൻ സ്വാഗതം ചെയ്യുന്നുവെന്ന് എം പി സർ റോബർട്ട് ഗുഡ്വിൽ പറഞ്ഞു. മാത്രമല്ല, ഉപഭോക്താക്കൾക്ക് ആവശ്യമുള്ളത്ര മാത്രം പഴവർഗ്ഗങ്ങളും പച്ചക്കറികളും ലൂസ് ആയി ലഭിക്കുന്നതിനെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസയം ഈ നിരോധനം, ഇതിനോടകം തന്നെ വിലക്കയറ്റം പ്രതികൂലമായി ബാധിച്ച ചില്ലറവില്പന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചിലർ ഭയക്കുന്നു. ഇതിനോടകം തന്നെ വിതരണ ശൃംഖലയിലെ ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, കൂടുതൽ നിയന്ത്രണങ്ങൾ ഈ മേഖലയിൽ കൊണ്ടുവരുന്നത് ആനുപാതികമായിട്ടായിരിക്കണം എന്നായിരുന്നു ബ്രിട്ടീഷ് റീടെയ്ൽ കൺസോർഷ്യം വക്താവ് പറഞ്ഞത്.
© Copyright 2024. All Rights Reserved