ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു. ഒമ്പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തകര്‍ന്ന കെട്ടിടത്തിനുള്ളിൽ നിരവധി പേര്‍ അകപ്പെട്ടിരിക്കുന്നതായാണ് സംശയം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെയാണ് കറാച്ചിയിലെ ലൈരിയിലെ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണത്.
100ഓളം പേരാണ് കെട്ടിത്തിൽ താമസിച്ചിരുന്നത്. 20ഓളം കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് കെട്ടിടത്തിലെ താമസക്കാരനായ ശങ്കര്‍ കാംഹോ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. കെട്ടിടത്തിന് വിള്ളൽ വീണിട്ടുണ്ടെന്ന് പറഞ്ഞ് ഭാര്യ ഫോണ്‍ വിളിച്ചുവെന്നും അപ്പോള്‍ തന്നെ അവിടെ നിന്ന് രക്ഷപ്പെടാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ശങ്കര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
തുടര്‍ന്ന് ഭാര്യ അയൽക്കാര്‍ക്കും മുന്നറിയിപ്പ് നൽകിയശേഷം മകളെയും കൂട്ടി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 20 മിനുട്ടിനുശേഷം കെട്ടിടം തകര്‍ന്നുവെന്നും ശങ്കര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചെന്നും ഒമ്പതുപേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ അറിയിച്ചു. രാത്രിയിലും കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവര്‍ക്കായി തെരച്ചിൽ തുടര്‍ന്നു. പത്തിലധികം പേര്‍ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ഈദി വെൽഫെയര്‍ ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ പറഞ്ഞു.
കെട്ടിടം തകര്‍ന്നുവീണയുടനെ സമീപത്തെ ഫ്ലാറ്റുകളിൽ താമസിച്ചിരുന്നവരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. രക്ഷപ്പെട്ട പലരുടെയും കുടുംബാംഗങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ട്. ഇതുവരെയും അവരെ കണ്ടെത്താനായിട്ടില്ല. 2020 ജൂണിലും ഇതേ പ്രദേശത്ത് ഫ്ലാറ്റ് തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചിരുന്നു. കറാച്ചിയിൽ തന്നെ കെട്ടിട നിര്‍മാണത്തിലെ അപാകതമൂലം തകര്‍ച്ചയുടെ വക്കിലുള്ള നിരവധി കെട്ടിടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനധികൃത നിര്‍മാണം, കെട്ടിട നിര്‍മാണത്തിലെ അപാകത, കാലപഴക്കം, കെട്ടിട നിര്‍മാണ ചട്ടം നടപ്പാക്കുന്നതിലെ അപാകത തുടങ്ങിയവയെല്ലാം തകര്‍ച്ചക്ക് കാരണമാണ്.
© Copyright 2025. All Rights Reserved