
ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (TLP) ആഹ്വാനം ചെയ്ത ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്റർനെറ്റ് താൽക്കാലികമായി റദ്ദാക്കി. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ പാക് സർക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു.
വെള്ളിയാഴ്ച ഫൈസാബാദിൽ നിന്ന് ഇസ്ലാമാബാദിലെ അമേരിക്കൻ എംബസിയിലേക്കുള്ള ഇസ്ലാമിക ഗ്രൂപ്പിന്റെ അഖ്‌സ മില്യൺ മാർച്ചിന് മുന്നോടിയായി ഇരട്ട നഗരങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് നഗരങ്ങളിലെയും പ്രധാന കവലകളും പ്രധാന റോഡുകളും അടയ്ക്കാനും അധികൃതർ തീരുമാനിച്ചു. റാവൽപിണ്ടിയിൽ കണ്ടെയ്‌നറുകളും ട്രെയിലറുകളും കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നമുണ്ടാകുകയാണെങ്കിൽ റോഡുകൾ ബ്ലോക്ക് ചെയ്യാൻ ഈ വാഹനങ്ങൾ ഉപയോഗിക്കും. ഇസ്ലാമാബാദിൽ, പ്രതിഷേധം മുൻകൂട്ടി കണ്ട് ഫൈസാബാദ് ജംഗ്ഷന് സമീപം കണ്ടെയ്‌നറുകൾ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാന പൊലീസ് പ്രാദേശിക ടിഎൽപി നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇതിനകം 280 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.
കൂടാതെ, വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ രണ്ട് നഗരങ്ങളിലെയും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കാൻ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോട് (പിടിഎ) നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. മറുവശത്ത്, ഗാസയിലെ പലസ്തീൻ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
















© Copyright 2025. All Rights Reserved