ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ശക്തമായ ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിനിടെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിൽ തുർക്കിയോടുള്ള നിലപാട് കടുപ്പിച്ച് ഇന്ത്യ. തുർക്കി കമ്പനിക്കെതിരെ വീണ്ടും നടപടിക്ക് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം. തുർക്കി എയർലൈൻസുമായുള്ള കരാർ റദ്ദാക്കാൻ ഇൻഡിഗോയ്ക്കാണ് ഡി ജി സി എ നിർദേശം നൽകിയത്. മൂന്ന് മാസത്തിനകം ബോയിംഗ് 777 വിമാനങ്ങൾ ലീസിനെടുത്ത കരാർ റദ്ദാക്കാനാണ് നിർദേശം. ഇൻഡിഗോ കമ്പനി ഇക്കാര്യത്തിൽ 6 മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇനി കരാർ നീട്ടരുതെന്ന് കർശന നിർദേശവും ഡി ജി സി എ നൽകിയിട്ടുണ്ട്. നേരത്തെ തുർക്കി കമ്പനിയായ സെലെബിയുമായുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാറും റദ്ദാക്കിയിരുന്നു.
നേരത്തെ പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രകൾ ബഹിഷ്കരിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. ഇന്ത്യൻ വിനോദസഞ്ചാരികളുടെ പിന്മാറ്റം തുർക്കിയുടെ ടൂറിസം മേഖലക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. ഇന്ത്യൻ സഞ്ചാരികൾ ഇപ്പോളും തുർക്കിയ്ക്ക് സമാനമായ അന്തരീക്ഷവും കുറഞ്ഞ ചെലവുമുള്ള മറ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുകയാണ്. പ്രധാനമായും ഗ്രീസും ഈജിപ്തുമാണ് ഇന്ത്യക്കാർ ബദലായി കണക്കാക്കുന്നത്. 2024 ൽ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്. ഇതേ കാലയളവിൽ 2.4 ലക്ഷം ഇന്ത്യക്കാർ അസർബൈജാനും സന്ദർശിച്ചു. ഇത് ഈ രാജ്യങ്ങളുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്. കഴിഞ്ഞ വർഷം തുർക്കിയുടെയും അസർബൈജാന്റെയും ടൂറിസം സമ്പദ്‌വ്യവസ്ഥയ്ക്ക് 69 ബില്യണിലധികമായിരുന്നു ഇന്ത്യക്കാരുടെ മാത്രം സംഭാവന. എന്നാൽ പാകിസ്ഥാന് പരസ്യ പിന്തുണ പ്രഖ്യാപിച്ച ശേഷം ഇത് കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
© Copyright 2024. All Rights Reserved