
ഇസ്ലാമാബാദ് പാക്കിസ്‌ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ പ്രൈംടൈം ഷോയായ 'ആജ് ഷഹ്സേബ് ഖൻസാദ കെ സാത്ത്'ലാണ് ആസിഫിൻ്റെ പരാമർശം. അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്കെതിരെ ആരോപണവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയത്.
അഫ്ഗാനിസ്ഥാൻ ഇനി തങ്ങളെ ആക്രമിച്ചാൽ '50 മടങ്ങ് ശക്തിയിൽ തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. സമാധാന കരാറിൽ നിന്ന് പിന്മാറുന്ന അഫ്ഗാനിസ്ഥാൻ സർക്കാരിനെയും ഖ്വാജ വിമർശിച്ചു. "പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ നേരിട്ട തോൽവിക്ക് അവർ അഫ്ഗാനിസ്‌ഥാനിലൂടെ പകരം വീട്ടുകയാണ്. അവിടെ താലിബാൻ ഭരണകൂടം ഇന്ത്യ സന്ദർശിച്ചു. ഇന്ത്യ - പാക്കിസ്ഥഥാനുമായി ഒരു ചെറിയ യുദ്ധത്തിൽ ഏർപ്പെടാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. അതിനായി അവർ കാബുളിനെ ഉപയോഗിക്കുന്നു" - ഖ്വാജ ആസിഫ് പറഞ്ഞു.
"അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനിലേക്ക് നോക്കാൻ പോലും ധൈര്യപ്പെടില്ല. അങ്ങനെ ചെയ്താൽ അവരുടെ കണ്ണുകൾ ചുഴന്നെടുക്കും. അവർക്ക് ഭീകരവാദികളെ ഉപയോഗിക്കാൻ കഴിയും, അവർ ഇതിനകം തന്നെ അങ്ങനെയാണ്. കഴിഞ്ഞ നാല് വർഷമായി അവർ ഭീകരവാദികളെ ഉപയോഗിക്കുന്നു. പാക്കിസ്ഥാനിലെ ഭീകരതയ്ക്ക് പിന്നിൽ അഫ്ഗാനിസ്‌ഥാനാണ് എന്നതിൽ സംശയമില്ല. അവർ ഇന്ത്യയുടെ ഒരു ഉപകരണമാണ്. ഇസ്ലാമാബാദിനെ ആക്രമിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ ഉചിതമായ മറുപടി നൽകും. 50 മടങ്ങ് ശക്‌തമായ തിരിച്ചടി ഉണ്ടാകും" - പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved