
വാഷിങ്ടൻ പാക്കിസ്‌ഥാനുമായുള്ള തന്ത്രപരമായ ബന്ധം വികസിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അത് ഇന്ത്യയെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. പക്വവും പ്രായോഗികവുമായ വിദേശ നയത്തിന്റെ ഭാഗമാണിതെന്നും യുഎസുമായി ശത്രുതയിലുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നും റൂബിയോ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാക്കിസ്ഥാനുമായുള്ള യുഎസിൻ്റെ ബന്ധം ഒരുതരത്തിലും ഇന്ത്യയുമായി യുഎസിനുള്ള ബന്ധത്തെയോ സൗഹൃദത്തെയോ ബാധിക്കുന്നതല്ല. ഇന്ത്യയും യുഎസുമായുള്ള ബന്ധം ആഴത്തിലുള്ളതും ചരിത്രപരവും പ്രധാനപ്പെട്ടതുമാണ്.'-റൂബിയോ പറഞ്ഞു.ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിൻ്റെ അവകാശവാദവും സമാധാന നൊബേലിന് ശുപാർശ ചെയ്യണമെന്ന ട്രംപിൻ്റെ ആവശ്യവും ഇന്ത്യ തള്ളിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ പാക്കിസ്ഥാൻ യുഎസുമായി അടുക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇന്ത്യ-പാക്ക് പ്രശ്‌നമുണ്ടാകുന്നതിനു മുമ്പുതന്നെ പാക്കിസ്ഥാനുമായി യുഎസ് ചർച്ചകൾ നടത്തിയിരുന്നെന്നും ട്രംപ് ഭരണകൂടം ബന്ധങ്ങൾ പുനഃസ്‌ഥാപിക്കുന്നതിലും തന്ത്രപരമായ പങ്കാളിത്തത്തിലും താൽപര്യമുള്ളവരാണെന്നും റൂബിയോ പറഞ്ഞു. 'ഇന്ത്യയെ സംബന്ധിച്ചുള്ള വെല്ലുവിളികളെക്കുറിച്ച് പൂർണ ബോധ്യമുണ്ട്. എന്നാൽ സാധ്യമായ സമയങ്ങളിൽ മറ്റു രാജ്യങ്ങളുമായി നല്ല ബന്ധത്തിന് അവസരങ്ങൾ സൃഷ്‌ടിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളടക്കം ഒട്ടേറെ കാര്യങ്ങളിൽ പാക്കിസ്ഥാനുമായി സഹകരിച്ചതിൻ്റെ നീണ്ട ചരിത്രം യുഎസിനുണ്ട്. അതിനെ ഇനിയും വിശാലമാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്'-റുബിയോ പറഞ്ഞു,
















© Copyright 2025. All Rights Reserved