
കാബുൾ പാക്ക്-അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ
രൂക്ഷമായ ഏറ്റുമുട്ടൽ. പാക്കിസ്ഥഥാൻ്റെ അതിർത്തി പോസ്റ്റുകളിൽ അഫ്ഗാൻ സൈന്യം ആക്രമണം നടത്തി. 25 പോസ്‌റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ അധികൃതർ പറഞ്ഞു. സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്ഥാൻ അടച്ചു. 58 പാക്ക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്കു പരുക്കേറ്റതായും അഫ്ഗാൻ അധിക്യതർ പറഞ്ഞു.
തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടന്നു. അഫ്ഗാൻ തലസ്‌ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്ക് -അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പാക്കിസ്‌ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിൽ സന്ദർശനം നടത്തുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. പാക്കിസ്‌ഥാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. സ്ഫോടനം നടന്നതായും ആളപായം ഇല്ലെന്നും അഫ്ഗാൻ സർക്കാർ വക്‌താവ് വ്യക്‌തമാക്കിയിരുന്നു.
കാബുളിലെ വ്യോമാക്രമണത്തിന് തിരിച്ചടിയായി താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക്കിസ്‌ഥാൻ സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടെന്ന് അഫ്ഗാൻ സൈന്യം പ്രസ്തതാവനയിൽ പറഞ്ഞു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പും നൽകി. പാക്കിസ്‌ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നു പാക്ക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്‌തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. അതേസമയം, പാക്കിസ്‌ഥാനെതിരെ പ്രകോപനത്തിന് മുതിരുന്നവർക്ക് ഉചിതമായ തിരിച്ചടി നൽകുമെന്നു പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു.
















© Copyright 2025. All Rights Reserved