ദില്ലി : സമൂഹമാധ്യമങ്ങളിലടക്കം ബഹിഷ്കരണാഹ്വാനം ശക്തമാകുന്നതിനിടെ, ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ പാക്കിസ്ഥാനൊപ്പമെന്ന് ആവർത്തിച്ച് തുർക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈൽ ആക്രമണങ്ങളെ നേരത്തെയും തുർക്കി അപലപിച്ചതാണെന്നും പ്രസിഡന്റ് എർദൊഗാൻ ആവർത്തിച്ചു. ഇപ്പോഴത്തെ വെടിനിർത്തൽ തുടരണം, പാക്കിസ്ഥാന് എതിരെ കൂടുതൽ ആക്രമണങ്ങൾ പാടില്ലെന്നും തുർക്കി ആവശ്യപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെ നേരത്തെ അപലപിച്ചതാണ്. സിന്ധു നദീജല തർക്കം അടക്കം വെടി നിർത്തലിനിടെ ചർച്ച ചെയ്യണമെന്നും തുർക്കി ആവശ്യപ്പെടുന്നു.
പെഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർക്കി. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പ്രയോഗിച്ച ഡ്രോണുകളിൽ തുർക്കി ഡ്രോണുകളുമുണ്ടെന്ന് നേരത്തെ ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ആക്രമണം ഏറ്റവും ശക്തമായ മെയ് 8 ന് മാത്രം 300 മുതൽ 400 വരെ ഡ്രോണുകൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി സ്ഥിരീകരിച്ചിരുന്നു.
തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്‌ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത സോങ്കര്‍ ഡ്രോണുകള്‍ ഇവയിൽ ഉൾപ്പെടും. തുര്‍ക്കി സായുധ സേന 2020 മുതല്‍ ഉപയോഗിക്കുന്ന സോങ്കര്‍, അവരുടെ ആദ്യ ആംഡ് ഡ്രോണ്‍ സംവിധാനം കൂടിയാണ്. ആഭ്യന്തര ആവശ്യത്തിന് പുറമെ യുദ്ധ മേഖലകളിലും തുര്‍ക്കിയുടെ സോങ്കര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചത്.
© Copyright 2024. All Rights Reserved