
വാഷിങ്ടൻ . പാക്കിസ്‌ഥാലെ എണ്ണനിക്ഷേപം ഖനനംചെയ്യാൻ യുഎസ് കരാറുണ്ടാക്കിയെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്ക്-യുഎസ് പദ്ധതിക്കു നേതൃത്വം നൽകുന്ന എണ്ണക്കമ്പനിയുടെ കാര്യത്തിൽ ചർച്ച തുടരുകയാണെന്നും പാക്കിസ്‌ഥാൻ ഇന്ത്യയ്ക്ക് എണ്ണ വിൽക്കുന്ന കാലംവന്നേക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇന്ത്യയ്‌ക്കെതിരെ 25% അധികതിരുവയും പിഴയും ചുമത്തിയതിനു പിന്നാലെയാണു പാക്കിസ്‌ഥാനുമായി യുഎസ് സുപ്രധാന കരാറുണ്ടാക്കിയത്. ഇതോടെ പാക്കിസ്ഥാനു ചുമത്തിയ പകരംതീരുവയിലും ഇളവു നൽകിയേക്കും. പാക്കിസ്ഥാനിൽ ചൈനയ്ക്കുള്ള സ്വാധീനം കുറയ്ക്കുന്നതിനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായും കരാർ വിലയിരുത്തപ്പെടുന്നു. 'നാറ്റോക്കു പുറത്തുള്ള യുഎസിൻ്റെ മുഖ്യ സഖ്യകക്ഷി' എന്നാണ് പാക്കിസ്ഥാനെ ട്രംപ് ഭരണകൂടം വിശേഷിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ച്‌ചയ്ക്കുശേഷം പാക്ക് വിദേശകാര്യമന്ത്രി ഇഷാഖ് ദർ, ഏതാനും ദിവസത്തിനകം യുഎസുമായി വ്യാപാരക്കരാറാകുമെന്നു പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ധാതു ഖനന മേഖലയിലും കൂടുതൽ സംയുക്‌ത സംരംഭങ്ങൾ തുടങ്ങാൻ ധാരണയായിട്ടുണ്ട്.
പാക്ക് തീരങ്ങളിൽ സമ്യദ്ധമായ എണ്ണ ശേഖരമുണ്ടെന്നു പാക്കിസ്‌ഥാൻ കാലങ്ങളായി അവകാശപ്പെടുന്നതാണെങ്കിലും ഈ മേഖലയിൽ നടന്ന പര്യവേഷണങ്ങൾ വിജയകരമായിരുന്നില്ല. നിലവിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുകയാണു പാക്കിസ്‌ഥാൻ പാക്ക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബും യുഎസ് വാണിജ്യസെക്രട്ടറി ഹൊവാഡ് ലട്നിക്കും വാഷിങ്ടനിൽ നടത്തിയ ചർച്ചയിലാണ് കരാറിന് അന്തിമരൂപമായത്.
















© Copyright 2025. All Rights Reserved