
ഇസ്ലാമാബാദ്. ദിവസങ്ങളുടെ മാത്രം ഇടവേളയ്ക്കൊടുവിൽ അഫ്ഗാനിസ്ഥാൻ -പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്ക് സൈന്യം അറിയിച്ചു. സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇസ്‌താംബുളിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് വീണ്ടും എറ്റുമുട്ടൽ സമാധാന ചർച്ചയിൽ തീരുമാനത്തിലെത്തിയില്ലെങ്കിൽ അഫ്ഗാനിസ്‌ഥാനുമായി തുറന്ന യുദ്ധത്തിലേക്കു നീങ്ങുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണി ഉയർത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നു ഭീകരർ തങ്ങളുടെ കുറാം, വടക്കൻ വസിരിസ്ഥാൻ ജില്ലകളിലേക്കു നുഴഞ്ഞുകടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പാക്ക് സൈന്യം പറയുന്നു. സ്വന്തം മണ്ണിൽ നിന്ന് ഭീകരവാദം ഇല്ലാതാക്കുമെന്ന അഫ്ഗാൻ സർക്കാറിന്റെ വാദങ്ങളിൽ സംശയമുണർത്തുന്നതാണ് നുഴഞ്ഞുകയറ്റമെന്നും പാക് സൈന്യം ചുണ്ടിക്കാട്ടുന്നു. അതേസമയം, പാക് ആരോപണത്തിൽ അഫ്ഗാനിലെ താലിബാൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാൻ ഒക്ടോബർ 11ന് അഫ്ഗാൻ തലസ്‌ഥാനമായ കാബുളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൻ്റെ തീവ്രത വർധിച്ചത്. തങ്ങളുടെ മണ്ണിൽ ഭീകരവാദം നടത്തുന്ന പാക് താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു പാക് വാദം. എന്നാൽ, ഇതിന് കനത്ത തിരിച്ചടിയാണ് അഫ്ഗാൻ നൽകിയത്. ഇരുഭാഗത്തും കനത്ത ആൾനാശമുണ്ടായ സംഘർഷത്തിനൊടുവിലാണ് അഫ്ഗാനും പാക്കിസ്‌ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചയ്ക്ക് ഒരുങ്ങിയത്.
















© Copyright 2025. All Rights Reserved