മോണ്ടിനെഗ്രോ: കഴിഞ്ഞ ആഴ്ച മോണ്ടിനെഗ്രോയിൽ പാരാസെയിലിംഗ് നടത്തുന്നതിനിടെ പേടിച്ച് സുരക്ഷാ ബെൽറ്റ് അഴിച്ചതിനെ തുടർന്ന് ഒരു യുവതി കടലിൽ വീണു മരിച്ചു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സെർബിയയിൽ നിന്നുള്ള 19 കാരിയായ ടിജാന റഡോണിക് ആണ് മരിച്ചത്. ബുദ്‌വയിലെ അഡ്രിയാറ്റിക് കടലിലേക്ക് 160 അടി താഴ്ചയിലേക്ക് വീഴുന്നതിന് നിമിഷങ്ങൾക്കുമുമ്പ് ലൈഫ് ജാക്കറ്റും സുരക്ഷാ ബെൽറ്റുകളും അഴിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
യുവതിയെ കണ്ടെത്താൻ സുരക്ഷാ സേനകൾ അതിവേഗം എത്തിയെങ്കിലും, അവൾ മരിച്ചിരുന്നു. റഡോണിക് തന്റെ അമ്മായിയോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. കടൽത്തീരത്ത് വെച്ച് ഒരു പ്രതിനിധി സമീപിച്ചതിനെ തുടർന്ന് സൗജന്യ പാരാസെയിലിംഗ് യാത്രയ്ക്ക് അവർ സമ്മതിച്ചതാണെന്നും, ഒരു പ്രാദേശിക ടൂറിസ്റ്റ് ഏജൻസിയുടെ പ്രൊമോഷണൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നും വിവിധ റിപ്പോര്‍ട്ടുകളിൽ പറയുന്നു.
പേടിച്ച് സേഫ്റ്റി ബെൽറ്റ് ഊരിയതാണ് അവളുടെ മരണത്തിന് കാരണമെന്ന് പറയുമ്പോഴഉം, കുടുംബാംഗങ്ങൾ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല, അവൾ പോയെന്ന് ഞങ്ങൾ അംഗീകരിക്കാനാകുന്നില്ല. പെൺകുട്ടിയുടെ മാതാപിതാക്കളായ ബ്രങ്കയും ഗോറാനും ഹൃദയഭേദകമായ യാത്രാമൊഴി പങ്കുവെച്ചു. സംഭവത്തിൽ പാരാസെയിലിംഗ് കമ്പനിയുടെ ഉടമ മിർക്കോ ക്രെഡ്ജിക് അനുശോചനം രേഖപ്പെടുത്തി. സംഭവിച്ച അപകടത്തിൽ ഞങ്ങൾ എല്ലാവരും ഞെട്ടിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി അറിയില്ല, അവൾ പറക്കാൻ ഭയം കാണിച്ചിരുന്നില്ല, പരിശീലനവും പൂര്‍ത്തിയാക്കി. അതിനുശേഷമാണ് ദുരന്തം സംഭവിച്ചത്. എല്ലാ ഉപകരണങ്ങളുടെയും സാങ്കേതിക പരിശോധനകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ വൈറലായതോടെ, ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അധിക സുരക്ഷാ കരുതലുകൾ വേണമെന്ന് ആഴശ്യമുന്നയിച്ചു, റഡോണിക് ശരിക്കും പരിഭ്രാന്തയായിരുന്നോ എന്ന് മറ്റു ചിലര്‍ സംശയം ഉന്നയിച്ചു. ഭയത്തിൽ സുരക്ഷാ ബെൽറ്റ് അഴിക്കുന്ന സംഭവം വിചിത്രമാണെന്നും സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളിൽ പറയുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുകയാണ്.
© Copyright 2024. All Rights Reserved