തമിഴക വെട്രി കഴകത്തേയും നടൻ വിജയിയേയും ഉന്നംവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പാർട്ടി രൂപീകരിച്ച ഉടൻ തന്നെ അധികാരം പിടിക്കണമെന്നും മുഖ്യമന്ത്രിയാകണമെന്നുമാണ് ചിലരുടെ ആഗ്രഹമെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ് സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പലതും ചെയ്യുന്നുവെന്ന് ചിലർ നാടകം കളിക്കുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു. എൻടികെ പാർട്ടി വിട്ട് ഡിഎംകെയിൽ ചേരുന്നവർക്ക് അംഗത്വം നൽകുന്ന ചടങ്ങിൽ വിജയിയുടെ പേരെടുത്ത് പറയാതെയായിരുന്നു സ്റ്റാലിന്റെ വിമർശനം.
-----------------------------
ഇത്തരം ഷോ നടത്തുന്നവർക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു. പുതിയ പാർട്ടിയുടെ ലക്ഷ്യം ജനസേവനമല്ലെന്നും അധികാരം പിടിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ ഇന്നലെ മുളച്ച കൂൺ അല്ല എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തങ്ങൾ ഈ പാർട്ടി രൂപീകരിച്ചത് 1949ലാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 1957ലാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ ചില പാർട്ടികൾ രൂപികരിച്ചയുടനെ തന്നെ അധികാരത്തിൽ വരണമെന്ന ഉദ്ദേശ്യത്തിലാണ് നിലനിൽക്കുന്നത്. ചിലർ പറയുന്നത് അധികാരത്തിൽ വരുമെന്നും അടുത്ത മുഖ്യമന്ത്രിയാകുമെന്നുമൊക്കെയാണ്. ആ പാർട്ടിയുടെ പേരോ നേതാവിന്റെ പേരോ താൻ പറയുന്നില്ല. കാരണം തങ്ങൾ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. നാടകം കളിക്കുന്നവരെ പ്രശസ്തരാക്കാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
© Copyright 2024. All Rights Reserved