പി എസ് സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ല. നിയമനത്തിൽ വഴിവിട്ട രീതികളുണ്ടാകാറില്ല. നാട്ടിൽ പല തട്ടിപ്പുകൾക്കു വേണ്ടി ആളുകൾ ശ്രമിക്കുന്നുണ്ട്. അങ്ങനെയുള്ള തട്ടിപ്പുകൾ നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള നടപടികൾ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
-------------------aud-----------------------------
ചോദ്യോത്തരവേളയിൽ യുഡിഎഫ് അംഗം എൻ ഷംസുദ്ദീൻ ആണ് പി എസ് സി കോഴ നിയമസഭയിൽ ഉന്നയിച്ചത്. പി എസ് സി അംഗമായി നിയമിക്കാനായി കോഴിക്കോട്ടെ ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് എസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതെന്നാണ് ആരോപണം. പിഎസ് സി അംഗത്വത്തിനായി 60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 22 ലക്ഷം രൂപ കൈപ്പറ്റി. എന്നാൽ പിഎസ് സി അംഗമായി നിയമനം കിട്ടാതായതോടെയാണ് പാർട്ടിയിൽ പരാതിപ്പെടുന്നത്. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെ പാർട്ടിക്ക് നേരത്തെ പരാതി നൽകിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved