തിരുവനന്തപുരം: ലഹരി വ്യാപാരം ചോദ്യം ചെയ്തതിലെ വൈരാഗ്യത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി. കാഞ്ഞിരംകുളം പെരുന്താന്നി ശ്രീ ഭവനിൽ ബെന്നിയുടെ പാഷൻ പ്രൊ ബൈക്കാണ് കഴിഞ്ഞദിവസം പുലർച്ചെ കത്തിനശിച്ചത്. വീടിനോട് ചേർന്ന് പാർക്ക് ചെയ്ത ബൈക്കിൽ തീ പടർന്നതോടെ വീടിന്‍റെ ജനാലയും ചുമരും കത്തിനശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നുകയറി റൂമിലുണ്ടായിരുന്ന ബെന്നിയുടെ ഭാര്യയുടെ അമ്മ സാവിത്രിക്ക് (70) അസ്വസ്തതയുണ്ടായി. തീയും പുകയും കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്.
കാഞ്ഞിരംകുളം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ബെന്നിയുടെ വീടിനു സമീപം താമസിക്കുന്ന അഖിൽ എന്ന യുവാവാണ് തീവെച്ചതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. ലഹരി ഉപയോഗവും കച്ചവടവും ചോദ്യം ചെയ്തതിന് പിന്നാലെ രണ്ടുമാസം മുമ്പ് വീടിന്‍റെ ജനാല അടിച്ചു തകർത്തതിന് അഖിലിനെതിരെ ബെന്നിയുടെ ഭാര്യ സുനിത കാഞ്ഞിരംകുളം പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസ് വിളിപ്പിച്ചിട്ടും അഖിൽ സ്റ്റേഷനിൽ ഹാജരായില്ല. ശേഷം നിരന്തരം തെറിവിളിച്ച് ശല്യം ചെയ്യുന്നതിനെതിരേയും പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. കാഞ്ഞിരംകുളം വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലും നെയ്യാറ്റിൻകര എക്സൈസിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
© Copyright 2024. All Rights Reserved