പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കേസെടുക്കും. അല്ലു അർജുനെ കൂടാതെ അപകടം നടന്ന സന്ധ്യ തിയറ്റർ മാനേജ്‌മെന്റിനെതിരെയും താരത്തിന്റെ സെക്യൂരിറ്റി ടീമിനെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
-------------------aud--------------------------------
അല്ലു അർജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറയുന്നത്. അല്ലു അർജുൻ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റർ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ്.
രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയറ്ററിൽ എത്തിയത്. തുറന്ന ജീപ്പിൽ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടർന്നാണ് പൊലീസിന് ലാത്തിച്ചാർജ് പ്രയോഗിക്കേണ്ടിവന്നത് എന്നാണ് പറയുന്നത്.
ഇന്നലെ രാത്രി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകൻ ഗുരുതരാവസ്ഥയിൽചികിത്സയിലാണ്. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽപ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേർ ബോധംകെട്ടു വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി
© Copyright 2024. All Rights Reserved