
കാബൂൾ അഫ്ഗാൻ-പാക്ക് ബന്ധം സംഘർഷ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്ക് സൈന്യം തെക്കുകിഴക്കൻ ഖോസ്‌ക് പ്രവിശ്യയിൽ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു ആക്രമണം കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പാക്ക് സൈന്യം സിവിലിയന്മാരുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ ആരോപിച്ചു. ഇതുകൂടാതെ, വടക്കുകിഴക്കൻ മേഖലയിലെ കുനാർ പ്രവിശ്യയിലും കിഴക്കൻ പാക്ടിക പ്രവിശ്യയിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ 4 പേർക്കു പരുക്കേറ്റു.
ചെറിയ ഇടവേളയ്ക്കു ശേഷം പാക്ക്-അഫ്ഗാൻ സംഘർഷം രൂക്ഷമാവുകയാണ്. ഇന്നലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്‌ഥാനത്ത് ചാവേർ ആക്രമണം നടന്നിരുന്നു. തുർക്കിയുടെ മധ്യസ്‌ഥതയിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ പല തവണ കൂടിക്കാഴ്‌ചകൾ നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഭരണമാറ്റത്തിനു തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്‌ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
















© Copyright 2025. All Rights Reserved