
വാഴ്സ പോളണ്ടിലെ വലതുപക്ഷ ദേശീയവാദി കരോൾ നവ്റോക്കി പുതിയ പ്രസിഡന്റ്റാവും. നിലവിലുള്ള സർക്കാരിന് കനത്ത തിരിച്ചടിയാണ് നവ്റോക്കിയുടെ വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പരോക്ഷ പിന്തുണയുള്ള യാഥാസ്‌ഥിതിക ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നവ്റോക്കി തിരഞ്ഞെടുപ്പിൽ 50.89% വോട്ടുനേടിയാണ് വിജയിച്ചത്.
എതിർ സ്ഥാനാർഥി യൂറോപ്യൻ അനുകൂല ലിബറൽ സഖ്യത്തിന്റെ സ്ഥാനാർഥിയായ വാഴ്‌സ മേയർ റഫാൽ ട്രസ്കോവ്‌സ്‌കിക്ക് 49.11% വോട്ടാണ് ലഭിച്ചത്. ചരിത്രകാരനും ബോക്‌സറുമാണ് നവ്റോക്കി (42).
പ്രധാനമന്ത്രി ഡോണൾഡ് ടസ്കിൻ്റെ പുരോഗമന പരിഷ്കാരങ്ങളെ തടയാൻ പ്രസിഡൻ്റിൻ്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് നവ്റോക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഭരണം സങ്കീർണമാകും. യൂറോപ്പിലെയും യുഎസിലെയും വലതുപക്ഷ സംഘടനകൾ നവ്റോക്കിയുടെ വിജയത്തെ സ്വാഗതം ചെയ്‌തു. യൂറോപ്യൻ യൂണിയന് ഫലം തിരിച്ചടിയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ വിമർശകൻ കൂടിയാണ് നവ്റോക്കി. പോളണ്ടിൽ 10 ലക്ഷത്തോളം യുക്രെയ്ൻ അഭയാർഥികളുണ്ട്.
















© Copyright 2025. All Rights Reserved