
മനില. ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് നൽകിയ അധികൃതർ തീരമേഖലയിൽ നിന്നു ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തോടു ചേർന്ന് സമുദ്രത്തിൽ 10 കി.മീ. ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി അറിയിച്ചു.
സുനാമി സാധ്യത മുന്നിൽകണ്ട് തീരദേശത്തെ ജനങ്ങളോട് ഉയർന്ന മേഖലകളിലേക്കോ ഉൾമേഖലകളിലേക്കോ മാറാൻ നിർദേശിച്ചിരിക്കുകയാണ്. മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 186 മൈലുകൾ അകലെ വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ട്.
ഇന്തൊനീഷ്യയുടെ വടക്കൻ തീരമേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടാഴ്ച്‌ചക്കിടെ ഫിലിപ്പീൻസിലുണ്ടാകുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണ് ഇന്നത്തേത്. സെപ്റ്റംബർ 30ന് 6.9 തീവ്രതയിലുണ്ടായ ഭൂകമ്പത്തിൽ 72 പേർ മരിച്ചിരുന്നു.
















© Copyright 2025. All Rights Reserved