ധാക്ക് • ബംഗ്ലദേശിലെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദി യൂനുസ് രാജിവയ്ക്കാൻ ആലോചിക്കുന്നതായി വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള നാഷനൽ സിറ്റിസൺ പാർട്ടി മേധാവി നിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബിബിസി ബംഗ്ല റിപ്പോർട്ട് ചെയ്. “ഇന്ന് രാവിലെ മുതൽ സാറിൻ്റെ (യൂനുസ്) രാജി വാർത്ത ഞങ്ങൾ കേട്ടുകൊണ്ടിരുന്നു. അതിനാൽ ആ വിഷയം ചർച്ച ചെയ്യാൻ ഞാൻ സാറിനെ കാണാൻ പോയി. അദ്ദേഹം അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് പറഞ്ഞു. പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു" - നിദ് ഇസ്ലാം ബിബിസി ബംഗ്ലയോട് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ഐക്യം സ്‌ഥാപിക്കുകയും അദ്ദേഹവുമായി സഹകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് യൂനുസിനോട് പറഞ്ഞതായാണ് നിദ് ഇസ്‌ലാം പറയുന്നത്. അതേസമയം തൻ്റെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ യൂനുസ് തുടരുന്നതിൽ അർഥമില്ലെന്നും നിദ് ഇസ്ലാം പറയുന്നു.
ബംഗ്ലദേശിൽ ഇടക്കാല സർക്കാരും സൈന്യവും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മുഹമ്മദ് യൂനുസിൻ്റെ രാജി അഭ്യൂഹവും പരക്കുന്നത്. ഇടക്കാല സർക്കാരിന്റെ നയങ്ങളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് സൈനിക മേധാവിയായ വക്കർ ഉസ് സമൻ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടത്താൻ യൂനുസ് സർക്കാർ വൈകുന്നതും മ്യാൻമറിലെ റാഖൈനിൽ സഹായമെത്തിക്കാൻ ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് സൈനികമേധാവിയുടെ പരസ്യപ്രതികരണത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച ധാക്കയിൽ സൈനിക ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സംസാരിക്കവെ വിവാദമായ റാഖൈൻ ഇടനാഴി എന്ന ആശയം സൈനിക മേധാവി തള്ളിക്കളഞ്ഞിരുന്നു. ഇതോടെ മ്യാന്മറിൽ ആഭ്യന്തര യുദ്ധം നടക്കുന്ന റാഖൈൻ പ്രവിശ്യയിലേക്ക് സഹായം എത്തിക്കാനായി വിഭാവനം ചെയ്‌ത പദ്ധതിയിൽ നിന്ന് ബംഗ്ലദേശ പിന്മാറിയേക്കുമെന്നാണ് വിവരം.
© Copyright 2024. All Rights Reserved