ഷാര്‍ജ: ടി20 ക്രിക്കറ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി യുഎഇ. ആദ്യമായി ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ടാണ് യുഎഇ ക്രിക്കറ്റ് ടീം തങ്ങളെ അടയാളപ്പെടുത്തിയത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 205 റണ്‍സ് പിന്തുടര്‍ന്ന യുഎഇ, 19.5 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പമെത്തി. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു.
ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെ (42 പന്തില്‍ 82) ഇന്നിംഗ്‌സാണ് യുഎഇയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒന്നാം വിക്കറ്റില്‍ വസീം - മുഹമ്മദ് സൊഹൈബ് (34 പന്തില്‍ 38) സഖ്യം 107 റണ്‍സാണ് ചേര്‍ത്തത്. കൂട്ടുകെട്ട് പൊളിയാന്‍ 11-ാം ഓവര്‍ വരെ ബംഗ്ലാദേശിന് കാത്തിരിക്കേണ്ടി വന്നു. സൊഹൈബ് പുറത്തായി. തുടര്‍ന്നെത്തിയ രാഹുല്‍ ചോപ്രയ്ക്ക് (2) തിളങ്ങാനായില്ല. ഇതിനിടെ വസീമും മടങ്ങി. 42 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടി. മധ്യനിര താരങ്ങളായ ആസിഫ് ഖാന്‍ (19), അലിഷാന്‍ ഷറഫു (13), സഗീര്‍ ഖാന്‍ (8), ആര്യന്‍ഷ് ശര്‍മ (7), ധ്രുവ് പരാഷര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി.
പിന്നീട് വാലറ്റത്ത് ഹൈദര്‍ അലി (6 പന്തില്‍ 15) നടത്തിയ പോരാട്ടമാണ് യുഎഇയെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറില്‍ 12 റണ്‍സാണ് യുഎഇക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹൈദര്‍ അലിക്കെതിരെ എറിഞ്ഞ തസ്‌നിം ഹസന്റെ ആദ്യ പന്ത് തന്നെ വൈഡായി. അടുത്ത പന്തില്‍ ഹൈദര്‍ ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്ത് സ്‌ട്രൈക്ക് ചെയ്ത ധ്രുവ് സിക്‌സര്‍ പായിച്ചു. പിന്നാല് നാല് പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍. അടുത്ത പന്തില്‍ ധ്രുവ് പുറത്ത്. പിന്നീട് മതിയുള്ള ഖാന്‍ ഒരു റണ്‍ ഓടിയെടുത്തു. ഹൈദറിനെതിരെ എറിഞ്ഞ അടുത്ത പന്ത് നോബോള്‍. അഞ്ചാം പന്തില്‍ രണ്ട് റണ്‍ ഓടിയെടുത്ത് ഹൈദര്‍, ടീമിനെ വിജയത്തിലേക്ക് നയിച്ചു.
© Copyright 2024. All Rights Reserved