മസ്കറ്റ്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ 645 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 645 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.
യുഎഇയിലും നിരവധി തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ നിന്നായി 2910 തടവുകാരാണ് മോചിതരാകുക. 963 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോചനം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 985 തടവുകാര്‍ക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മോചനം നല്‍കി.
ഷാര്‍ജയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് 439 തടവുകാര്‍ക്ക്, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മോചനം പ്രഖ്യാപിച്ചു. 112 തടവുകാര്‍ക്ക് മോചനം നല്‍കുന്നതായി സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും പ്രഖ്യാപിച്ചു. റാസൽഖൈമയിൽ നിന്ന് 411 തടവുകാരെയും വിട്ടയയ്ക്കും. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരായ തടവുകാരാണ് മോചിതരാകുന്നത്.
© Copyright 2024. All Rights Reserved