
വാഷിങ്ടൻ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന്റെ (എംഎസ്.എസ്) പ്രവർത്തനം 2028 വരെ തുടരാൻ യു.എസുമായി ധാരണയായതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് വ്യാഴാഴ്‌ച അറിയിച്ചു. നാസ ആക്‌ടിങ് അഡ്മിനിസ്ട്രേറ്റർ ഷോൺ ഡഫ്‌ഫിയുമായി കൂടിക്കാഴ്ചയ്ക്ക് റോസ്കോസ്മോസ് മേധാവി ദിമിത്രി ബകനോവ് ഈയാഴ്ച ആദ്യം യുഎസിൽ എത്തിയിരുന്നു. 2018നു ശേഷം ഇരു ഏജൻസികളുടെയും തലവൻമാർ കൂടിക്കാഴ്‌ച നടത്തുന്നത് ആദ്യമായാണ്. യുക്രെയ്‌ൻ യുദ്ധത്തെത്തുടർന്ന് മോസ്കോയും വാഷിങ്‌ടനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം മോശമായ സമയത്താണ് ഈ കൂടിക്കാഴ്‌ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം നിലനിൽക്കുന്ന ചുരുക്കം മേഖലകളിലൊന്നാണ് ബഹിരാകാശം
ചർച്ച വിജയകരമാണെന്നും 2028 വരെ ഐ.എസ്.എസ് പ്രവർത്തിപ്പിക്കാൻ ധാരണയായതായും ബകനോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് അറിയിച്ചു. 2030തോടുകൂടി കേന്ദ്രം ഡീ-ഓർബിറ്റ് ചെയ്യുന്നതിനെക്കുറിച്ചു തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാസയുടെ കൂ-11 ദൗത്യത്തിന്റെ സംഘാംഗങ്ങളുമായും ബകനോവ് സംസാരിക്കും. റഷ്യയുടെ ബഹിരാകാശ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് ഈ ദൗത്യത്തിൽ പങ്കാളിയാണ്. സ്പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ സ്പേസ്ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര.
അതേസമയം, ചാന്ദ്ര ദൗത്യങ്ങൾ ഉൾപ്പെടെയുള്ള മറ്റു ബഹിരാകാശ പദ്ധതികളിൽ ഭാവി സഹകരണത്തെക്കുറിച്ചും ഇരുവരും തമ്മിൽ ചർച്ച നടന്നു. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
റഷ്യയും യുഎസും യൂറോപ്പും ജപ്പാനും സംയുക്‌തമായി 1998ലാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രം സ്‌ഥാപിച്ചത്. 2024 വരെയായിരുന്നു പ്രവർത്തന കാലാവധി. ഐ.എസ്.എസിന്റെ സുഗമമായ പ്രവർത്തനത്തിന് റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകവും അമേരിക്കയുടെ ബഹിരാകാശ വാഹനങ്ങളും പരസ്‌പരം ഉപയോഗിക്കാറുണ്ട്. ബഹിരാകാശയാത്രികരെ ഐ.എസ്.എസിലേക്ക് എത്തിക്കുന്നതിനും അവിടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇരു ഏജൻസികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിൽനിന്നു പിന്മാറാത്തതിനാൽ പല ബഹിരാകാശ ഏജൻസികളും റോസ്കോസ്മോസുമായുള്ള ബന്ധം നിർത്തിവച്ചിരിക്കുകയാണ്. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും ഈ സഹകരണം തുടരുന്നത് ശ്രദ്ധേയമാണ്.
















© Copyright 2025. All Rights Reserved