മനാമ: ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയര്‍ വിമാനത്തില്‍ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.
അതിക്രമം കാണിച്ച ജിസിസി പൗരനായ യാത്രക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ മുന്‍കരുതല്‍, സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍, കുവൈത്തിലെ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്നിറക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഗള്‍ഫ് എയര്‍ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും കുവൈത്ത് അധികൃതരുടെ പ്രൊഫഷണലിസത്തിനും സമയോചിതമായ ഇടപെടലിനും ഗൾഫ് എയര്‍ നന്ദി അറിയിച്ചു.
© Copyright 2024. All Rights Reserved