ജപ്പാൻ: ഭീതിയിലും ആശങ്കയിലുമാണ് ജപ്പാന്‍ ജനത. രാജ്യത്തെ പാടെ തകര്‍ക്കാന്‍ ശേഷിയുളള സൂനാമി ഇന്ന് ആഞ്ഞടിക്കുമെന്ന ഒരു കോമിക് പുസ്തകത്തിലെ പ്രവചനമാണ് ഭീതിക്ക് കാരണം. ബാബാ വാങ്കയെന്ന് അറിയപ്പെടുന്ന റയോ തത്സുകി എഴുതിയ ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച പ്രവചനമുളളത്. ഇന്നലെ മാത്രം ജപ്പാനില്‍ അഞ്ഞൂറിലേറെ ചെറിയ ഭൂചലനങ്ങളുണ്ടായി.
പുറമെ ശാന്തമാണെങ്കിലും ജപ്പാന്‍ ജനതയുടെ മനസ് ചെറുതായെങ്കിലും ആശങ്കയാല്‍ കുലുങ്ങുന്നുണ്ട്. ബാബാ വാങ്കയെന്ന് വിശേഷിപ്പിക്കുന്ന റയോ തത്സുകിയുടെ ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലെ പ്രവചനം യാഥാര്‍ഥ്യമാകുമോയെന്ന ആശങ്കയാണെങ്ങും. പുസ്തകത്തില്‍ ജപ്പാനില്‍ ഭാവിയില്‍ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
ജപ്പാനെ പിടിച്ചു കുലുക്കിയ 2011ലെ ഭൂകമ്പത്തെക്കുറിച്ചും റയോ തത്സുകി പുസ്തകത്തില്‍ വരച്ച് രേഖപ്പെടുത്തിയിരുന്നു. 2011ലെ ദുരന്തം യാഥാര്‍ഥ്യമായതിന്‍റെ പശ്ചാത്തലത്തിലാണ് ജപ്പാന്‍ ജനതയുടെ നെഞ്ചിടിപ്പേറിയത്. ഇന്നലെ മാത്രം ചെറുതും വലുതുമായ 500ലധികം ഭൂചലനങ്ങള്‍ ഉണ്ടായതോടെ എന്തും സംഭവിക്കാമെന്ന പ്രതീതിയിലാണ് ദ്വീപ് രാഷ്ട്രം. തൊകാര ദ്വീപില്‍ മാത്രം 200ലധികം ഭൂചലനങ്ങളുണ്ടായി. പ്രവചനം ഫലിച്ചാലും ഇല്ലെങ്കിലും തൊകാര ദ്വീപില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി തുടങ്ങി.
ജൂണ്‍ 21 മുതല്‍ ഇതുവരെ ജപ്പാനില്‍ ആയിരത്തിലധികം ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക വര്‍ധിപ്പിച്ചു. അതേസമയം ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രവചനങ്ങള്‍ തള്ളണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂചലനവും സൂനാമിയും മിക്കപ്പോഴും സംഭവിക്കുന്നതിനാല്‍ മുന്‍കരുതലുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുളള സാങ്കേതിക വിദ്യ രാജ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
© Copyright 2025. All Rights Reserved