മുംബൈ: ജോണി ബെയര്‍സ്‌റ്റോ ഉള്‍പ്പെടെ മൂന്ന് ഓവര്‍സീസ് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. അന്താരാഷ്ട്ര മത്സരങ്ങള്‍ കാരണം ടീം വിടേണ്ടി വരുന്നവര്‍ക്ക് പകരമാണ് മുംബൈ മൂന്ന് താരങ്ങളെ കൊണ്ടുവന്നത്. ഇംഗ്ലണ്ടിന്റെ ബെയര്‍സ്‌റ്റോയ്ക്ക് പുറമെ റിച്ചാര്‍ഡ് ഗ്ലീസണ്‍, ചരിത അസലങ്ക എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ടിന്റെ പേസറാണ് ഗ്ലീസണ്‍. അസലങ്ക ശ്രീലങ്കന്‍ ബാറ്ററും. ഐപിഎല്‍ 2025 പ്ലേ ഓഫിലേക്ക് മുംബൈ യോഗ്യത നേടിയാല്‍ മാത്രമേ ഈ മൂവരും ടീമിനൊപ്പം ചേരൂ.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റയാന്‍ റിക്കിള്‍ട്ടണ്‍, കോര്‍ബിന്‍ ബോഷ്, ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് എന്നിവരാണ് രാജ്യന്തര മത്സരം കളിക്കേണ്ടതിനാല്‍ ടീം വിടുക. ജാക്സ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പരയില്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ലണ്ടനിലേക്ക് തിരിക്കും. ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ താല്‍കാലികമായി നിര്‍ത്തിവച്ചതോടെയാണ് ഷെഡ്യൂള്‍ പ്രശ്‌നമായത്. ഇതിന്റെ ഫലമായി നിരവധി വിദേശ താരങ്ങള്‍ക്ക് തങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടി വന്നു.
2024 ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സുമായി സമ്മിശ്ര പ്രകടനമാണ് ബെയര്‍സ്റ്റോ പുറത്തെടുത്തത്. 2025 ലെ മെഗാ ലേലത്തില്‍ താരത്തെ സ്വന്തമാക്കാന്‍ ആരും മുന്നോട്ടുവന്നില്ല. 5.25 കോടി രൂപയ്ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. മുംബൈ പ്ലേഓഫില്‍ സ്ഥാനം നേടിയാല്‍ നിര്‍ണായക പങ്ക് വഹിക്കും. ഒരു കോടി രൂപയ്ക്ക് വാങ്ങിയ ഗ്ലീസണ്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചിരുന്നു. അതേസമയം 75 ലക്ഷം രൂപയ്ക്ക് ടീമിലെത്തിയ അസലങ്കയ്ക്ക് ഇത് ഐപിഎല്‍ അരങ്ങേറ്റമാണ്.
നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സ് മെയ് 21 ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആ പോരാട്ടത്തിലെ വിജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫ് കളിക്കാം. ഡല്‍ഹിക്ക് പുറത്തേക്കുള്ള വഴിയും തെളിയും.
© Copyright 2024. All Rights Reserved