വാഷിങ്ടൻ . യൂഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ കാൻസർ
രോഗവിവരം പൊതുജനങ്ങളെ അറിയിക്കാൻ വൈകിയതിൽ സംശയം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻറെ കാൻസർ ബാധ വിഷമിപ്പിക്കുന്നതാണെന്നും എന്നാൽ അതീവ ഗുരുതര ഘട്ടത്തിലേക്ക് എത്തുന്നതിനു മുൻപുതന്നെ രോഗത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമായിരുന്നു എന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. ബൈഡൻ അധികാരത്തിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്‌ടർമാരെ കുറിച്ച് സംശയമുണ്ട്. ആരോ വസ്തുതകൾ മറച്ചുവയ്ക്കുന്നതായും ട്രംപ് ആരോപിച്ചു.
"പൊതുജനങ്ങളെ ഇക്കാര്യം നേരത്തെ അറിയിക്കാത്തതിൽ എനിക്ക് അത്ഭുതമുണ്ട്. എന്തുകൊണ്ടാണ് ഇത്രയും സമയമെടുത്തത്? ഈ അപകടനിലയിലെത്താൻ വർഷങ്ങളെടുക്കും. ഇത് വളരെ സങ്കടകരമായ ഒരു സാഹചര്യമാണ്. എനിക്ക് വളരെ വിഷമമുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കണം. ബൈഡനെ പരിശോധിച്ച ഡോക്‌ടർമാർ വസ്‌തുതകൾ പറയുന്നില്ല. അതൊരു വലിയ പ്രശ്നമാണ് "- ട്രംപ് പറഞ്ഞു.
ഞായറാഴ്ച ബൈഡൻ്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ രോഗവിവരം പുറംലോകമറിയുന്നത്. കാൻസർ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്‌താവനയിൽ പറയുന്നു. മൂത്രസംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡൻ ഡോക്‌ടറുടെ സേവനം തേടിയത്. തുടർന്ന് പ്രോസ്‌റ്റേറ്റ് കാൻസർ സ്ഥിരീകരിക്കുകയായിരുന്നു. പ്രോസ്‌റ്റേറ്റ് കാൻസറിൻ്റെ തീവ്രത വ്യക്തമാക്കാൻ ക്ലീവ്ലാൻഡ് ക്ലിനിക് രൂപപ്പെടുത്തിയ ഗ്ലീസൺ സ്കോർ പ്രകാരം, ബൈഡന് സ്‌ഥിരീകരിച്ച കാൻസർ 9-ാം സ്കോറിലുള്ളതാണ്. വളരെ വേഗത്തിൽ പടരുന്ന കാൻസറുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് രോഗം വളരെ ഗുരുതര ഘട്ടത്തിലാണെന്ന് ഈ സ്കോർ വ്യക്തമാക്കുന്നു.
© Copyright 2024. All Rights Reserved