ഒറ്റ നോട്ടത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കെ എൽ രാഹുലിന്റെ ബാറ്റിൽ ഉരസി എന്ന് തോന്നിപ്പിക്കുന്നവിധമാണ് വിക്കറ്റിന് പിന്നിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ കൈകളിൽ എത്തിയത്. ഓസ്‌ട്രേലിയ ഔട്ടിനായി അപ്പീൽ ചെയ്തു. എന്നാൽ ഫീൽഡ് അമ്പയർ വഴങ്ങിയില്ല. തുടർന്ന് റിവ്യൂ നൽകാൻ ഓസ്‌ട്രേലിയ തീരുമാനിച്ചു.
ഡെലിവറി കടന്നുപോകുമ്പോൾ ബാറ്റിനും പന്തിനും ഇടയിൽ വിടവ് കാണാമായിരുന്നു. എന്നാൽ ഡിആർഎസിൽ സ്നിക്കോ മീറ്ററിൽ സ്‌പൈക്ക് കാണിച്ചതിനാൽ മൂന്നാം അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനത്തെ മറികടന്ന് ഔട്ടാണ് എന്ന് വിധിക്കുകയായിരുന്നു. വലിയനിലേക്ക് മടങ്ങുന്നതിനിടയിൽ ക്ഷമ നശിച്ച രാഹുൽ ഫീൽഡ് അമ്പയറുമായി തന്റെ ഭാഗം വാദിക്കുന്നത് കാണാമായിരുന്നു. ബാറ്റും പന്തും തമ്മിൽ വിടവുണ്ടെന്ന് ഇന്ത്യൻ ബാറ്റർ വാദിച്ചു. എന്നാൽ മൂന്നാം അമ്പയറുടെ തീരുമാനം അന്തിമമായത് കൊണ്ട് കെ എൽ രാഹുലിന് കളിക്കളം വിടാൻ മാത്രമേ മാർഗം ഉണ്ടായിരുന്നുള്ളൂ. സ്നിക്കോ മീറ്ററിൽ സ്പൈക്ക് ഉണ്ടാകാൻ കാരണം പാഡിൽ ബാറ്റ് തട്ടിയത് കൊണ്ടാവാമെന്ന് റീപ്ലേകളിൽ നിന്ന് വ്യക്തമാണ്. പക്ഷേ മൂന്നാം അമ്പയർ പാരലൽ ഫ്രെയിമിലേക്ക് പോകാതിരുന്നതാണ് ഔട്ട് വിളിക്കാൻ കാരണമായത് എന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.
© Copyright 2024. All Rights Reserved