ബ്രിട്ടനിലെ ആയിരക്കണക്കിന് ഹൈസ്ട്രീറ്റ് ബാങ്കുകൾ അടച്ചുപൂട്ടിയതോടെ പോസ്റ്റ് ഓഫീസ് ശാഖകൾക്കു നേട്ടം. 2015 ന് ശേഷം 6,000 ഓളം ബാങ്ക് ശാഖകൾ ബ്രിട്ടനിൽ അടച്ചു പോയപ്പോൾ പല ഉപഭോക്താക്കൾക്കുമുള്ള ഏക ആശ്രയം പോസ്റ്റ് ഓഫീസുകളായി മാറി. ഇക്കാലയളവിൽ പ്രതിമാസം 50 ശാഖകൾ എന്ന നിരക്കിലാണ് ബാങ്ക് ശാഖകൾ അടച്ചു പോയത്. കൂടുതൽ ഉപഭോക്താക്കൾ ഓൺലൈൻ ബാങ്കിംഗിലേക്ക് തിരിയുന്ന സാഹചര്യത്തിൽ ഇനിയുള്ള കാലം ഈ അടച്ചു പൂട്ടൽ കൂടാനാണ് സാധ്യത.
-------------------aud--------------------------------
ഇതൊക്കെയാണെങ്കിലും പ്രായമേറിയവർക്ക് ഇപ്പോഴും പരമ്പരാഗത ബാങ്ക് ശാഖകളെ മാത്രമെ ആശ്രയിക്കാൻ കഴിയൂ. അതുകൊണ്ടാണ് പണമിടപാടുകൾക്കായി അവർക്ക് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം, നിക്ഷേപവും പിൻവലിക്കലും ഉൾപ്പടെ ഏതാണ്ട് 3.7 ബില്യൺ പൗണ്ടിന്റെ പണമിടപാടുകളാണ് പോസ്റ്റ് ഓഫീസുകൾ വഴി നടക്കുന്നത്.
യഥാർത്ഥ ബാങ്ക് ശാഖകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെ യുകെയിലെ പോസ്റ്റ് ഓഫീസുകളിൽ പ്രതിവാരം 10 മില്യൺ ആളുകളാണ് എത്തുന്നതെന്ന് മറ്റു ചില കണക്കുകൾ വ്യക്തമാക്കുന്നത്. 2015 മുതൽ അടച്ചു പൂട്ടിയ ബാങ്ക് ശാഖകളുടെ കണക്കുകൾ പരിശോധിച്ചാൽ അത് മൊത്തം ബാങ്ക് ശാഖകളുടെ 60 ശതമാനത്തിൽ അധികം വരുമെന്നാണ് കൺസ്യൂമർ ഗ്രൂപ്പായ വിച്ച്? പറയുന്നത്. ബോൾട്ടൻ വെസ്റ്റ്, യോർക്ക് ഔട്ടർ, ന്യൂപോർട്ട് ഈസ്റ്റ്, റീഡിംഗ് വെസ്റ്റ് എന്നിവ ഉൾപ്പടെ 33 പാർലമെന്ററി നിയോജക മണ്ഡലങ്ങളിൽ ഈ വർഷം അവസാനത്തോടെ ഒരൊറ്റ ബാങ്ക് ശാഖപോലും ഉണ്ടാകില്ല എന്നായിരുന്നു മെയ് മാസത്തിൽ ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
ബാൺസ്ലി ഈസ്റ്റ്, വാറിംഗ്ടണ്ണോർത്ത്, ഗ്ലാസ്‌ഗോ നോർത്ത് ഈസ്റ്റ്, സ്വാൻസീ ഈസ്റ്റ് എന്നീ നിയോജകമണ്ഡലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചില ബാങ്ക് ശാഖയിൽ പോകാൻ രണ്ട് ബസ്സുകൾ മാറികയറേണ്ടുന്ന സാഹചര്യം വരെയുണ്ട് . ഓൺലൈൻ ബാങ്കിംഗ് പ്രവർത്തനം അറിയാത്ത പ്രായമേറിയവർക്കാണ് ഈ അടച്ചു പൂട്ടലുകൾ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇവർക്ക് എ ടി എം സെന്ററുകളെ ആശ്രയിക്കുന്നതിനും ഫോണിലൂടെയുള്ള ബാങ്കിംഗിനും മടിയാണ്.
© Copyright 2023. All Rights Reserved