
ജറുസലം. ഗാസയുടെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന ഭീഷണിയുമായി ഇസ്രയേൽ സുരക്ഷാമന്ത്രി സീവ് എൽകിൻ ഗാസയിൽ ഉടൻ വെടിനിർത്തിയില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീൻ്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ ശാസനയ്ക്കു പിന്നാലെയാണ് ഇസ്രയേൽ സുരക്ഷാമന്ത്രിയുടെ പ്രതികരണം. ഇസ്രയേലിൽ നിന്ന് ഇളവുകൾ നേടുന്നതിന് വെടിനിർത്തൽ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ ഹമാസ് ശ്രമിക്കുകയാണെന്ന് സീവ് എൽകിൻ കുറ്റപ്പെടുത്തി. സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനു മുമ്പ് കരാറിലെത്താൻ ഇസ്രായേൽ ഹമാസിന് അന്ത്യശാസനം നൽകിയേക്കുമെന്ന് സിവ് എൽകിൻ പറഞ്ഞു. 'സ്വന്തം പ്രദേശം നഷ്‌ടപ്പെടുന്നതാണ് ഞങ്ങളുടെ ശത്രുവിന് ഏറ്റവും വേദനാജനകം. ഞങ്ങളുമായി കളിക്കാൻ തുടങ്ങുന്ന നിമിഷം അവർക്ക് ഒരിക്കലും തിരികെ ലഭിക്കാത്ത വിധം അവരുടെ പ്രദേശം നഷ്‌ടപ്പെടും എന്നതാണ് അവർക്കെതിരെയുള്ള പ്രധാന സമ്മർദതന്ത്രം - സിവ് എൽകിൻ പറഞ്ഞു.
ഗാസയിലെ ആക്രമണം ഇസ്രയേൽ അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സെപ്റ്റംബറിൽ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ചൊവ്വാഴ്‌ചയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്‌റ്റാമെർ മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബറിലെ യൂഎൻ പൊതുസഭയിൽ പലസ്‌തീനു രാഷ്ട്രപദവി നൽകുമെന്നു കഴിഞ്ഞദിവസം ഫ്രാൻസും പ്രഖ്യാപിച്ചിരുന്നു. യുഎസ് നിർദേശിച്ച 60 ദിവസത്തെ വെടിനിർത്തൽ പദ്ധതിയിൽ പലവട്ടം ചർച്ചകൾ നടന്നെങ്കിലും ഇതുവരെ ഹമാസ്-ഇസ്രയേൽ ധാരണയായിട്ടില്ല. ഇന്നലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രയേലിൽ എത്തിയിട്ടുണ്ട്.
ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ ഇസ്രയേൽ വെടിയ്പ്പുകളിൽ 30 പേരടക്കം ഇന്നലെ ഗാസയിൽ 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. 2 വയസ്സുള്ള പെൺകുഞ്ഞ് അടക്കം 10 പേർ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 80 കുട്ടികളടക്കം 110 ആയി. ഞായറാഴ്ച മുതൽ ഇസ്രയേൽ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ യുഎൻ ഏജൻസികൾ പരമാവധി കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
ഇസ്രയേൽ ഭരണകൂടം ഗാസയിൽ നടത്തുന്നതു വംശഹത്യയാണെന്ന് രാജ്യത്തെ 2 പ്രമുഖ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ഇതാദ്യമായാണ് ഇസ്രയേലിലെ മനുഷ്യാവകാശ സംഘടനകൾ ഇക്കാര്യം തുറന്നുപറയുന്നത്. ബത്സലേം, ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്നീ സംഘടനകൾ തിങ്കളാഴ്ച്‌ച വാർത്താസമ്മേളനത്തിലാണ് പലസ്തീൻ സമൂഹത്തെ നശിപ്പിക്കാൻ ബോധപൂർവവും ആസൂത്രിതവുമായ നടപടികളാണ് ഇസ്രയേൽ ഗാസയിൽ നടത്തുന്നതെന്നു. വ്യക്തമാക്കി റിപ്പോർട്ട് പുറത്തുവിട്ടത്.
















© Copyright 2025. All Rights Reserved