ഇ വിസ പ്രാബല്യത്തിൽ വരുന്നത് മൂന്ന് മാസത്തേക്ക് കൂടി സർക്കാർ നീട്ടിയെങ്കിലും, ബ്രിട്ടനിൽ സ്ഥിരതാമസമുള്ളവർ വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തുമ്പോൾ തടയപ്പെട്ടേക്കാം എന്ന് കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനകൾ മുന്നറിയിപ്പ് തരുന്നു. ബ്രിട്ടനിൽ താമസിക്കുന്നതിനുള്ള അവകാശത്തിന്റെ തെളിവായി ഇ വിസ സ്വീകരിക്കുന്നത് 2025 മാർച്ച് അവസാനം മുതൽ ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു ഹോം ഓഫീസ് അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതിയായ ഡിസംബർ 31ന് ഏതാനും ആഴ്ചകൾ മാത്രം നിലനിൽക്കെ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം പദ്ധതി വൈകിയതായിരുന്നു തീയതി നീട്ടാൻ കാരണമായത്.
-------------------aud--------------------------------
തീയതി നീട്ടിയത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും ഈ മാറ്റം വിദേശങ്ങളിലുള്ള ബന്ധപ്പെട്ട വിമാനത്താവള ജീവനക്കാരിൽ സമയത്തിന് എത്തിച്ചേർന്നേക്കി8ല്ല എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇതിന്റെ ഫലമായി ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയവർക്കും ബ്രിട്ടനിലേക്കുള്ള യാത്ര നിഷേധിക്കപ്പെട്ടേക്കാം. അതിന്റെ ഫലമായി ഒരുപക്ഷെ അവർ, ഇപ്പോഴുള്ള വിദേശ രാജ്യങ്ങളിൽ കുരുങ്ങിപ്പോകുന്നതിനും സാധ്യതയുണ്ട് എന്നീ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
തങ്ങളുടെ അനുഭവം വെച്ച് നോക്കിയാൽ, ഈ തീയതി മാറ്റം ഓരോ വിമാനക്കമ്പനികളിലും ഓരോ ചെക്ക് ഇൻ ജീവനക്കാരിലും കൃത്യ സമയത്ത് എത്താൻ സാധ്യതയില്ല എന്നാണ് ഇമിഗ്രേഷൻ ലോ പ്രാക്ടീഷണേഴ്സ് അസ്സോസിയേഷനും, ഇ യു പൗരാവകാശ സംഘടനയായ മൂന്നു മില്യണും പറയുന്നത്. ഈ ആശങ്ക ഇവർ രേഖാമൂലം ഹോം ഓഫീസിനെ അറിയിച്ചിട്ടുമുണ്ട്. സർക്കാർ നിയമങ്ങൾ പ്രകാരം, ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവാദമില്ലാത്ത ഒരു വ്യക്തിയെ ബ്രിട്ടനിലെത്തിച്ചാൽ, ആ വിമാനക്കമ്പനി തന്നെ സ്വന്തം ചെലവിൽ ആ വ്യക്തിയുടെ മടക്കയാത്ര ഒരുക്കണം.
വാണിജ്യ താത്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ അതുകൊണ്ടു തന്നെ ഇത്തരമൊരു നഷ്ട സാധ്യത ഏറ്റെടുക്കാൻ തയ്യാറാവില്ല. അതിനാൽ, ഇ വിസ പ്രാബല്യത്തിൽ വരുന്ന പുതിയ തീയതി കൃത്യ സമയത്ത് അവരെ അറിയിച്ചില്ലെങ്കിൽ, ഒരു മുൻകരുതൽ എന്ന നിലയിൽ വിമാനക്കമ്പനികൾ യാത്രക്കാരുടെ യാത്ര മുടക്കും. ഇത് വിമാനക്കമ്പനികളെ കൃത്യ സമയത്ത് അറിയിക്കേണ്ട ബാധ്യത അതുകൊണ്ടു തന്നെ സർക്കാരിനുണ്ടെന്ന് അവർ പറയുന്നു. ബ്രിട്ടനിൽ പ്രവേശിക്കാൻ അർഹതയുള്ള ആരും തന്നെ, തന്റെതല്ലാത്ത കുറ്റത്താൽ അതിൽ നിന്നും തടയപ്പെടില്ല എന്ന് ഉറപ്പ് തരണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇതിനോടകം തന്നെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇ വിസ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സാങ്കേതിക പിഴവുകൾ എത്രയോ പേരുടെ ജോലി സാധ്യതകൾ ഇല്ലാതാക്കിയതും വാടകക്ക് വീടെടുക്കാൻ പലർക്കും സാധിക്കാതെ പോയതുമൊക്കെ അനുഭവങ്ങളിലുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. വിമാനക്കമ്പനികൾക്ക് യാത്രക്കാരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനായി ഒരു പൂർണ്ണ സമയ സപ്പോർട്ട് ഹബ്ബ് ബ്രിട്ടീഷ് സർക്കാർ തുറന്നിട്ടുണ്ട്. എന്നാൽ, യാത്രക്കാർക്ക് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള റെസലൂഷൻ സെന്റർ ബ്രിട്ടീഷ് സമയമനുസരിച്ചുള്ള പകൽ സമയത്ത് മാത്രമെ പ്രവർത്തിക്കുന്നുള്ളൂ. അവിടെയാകട്ടെ പലപ്പോഴും ഒരു പ്രതികരണം ലഭിക്കുവാൻ ഒരു മണിക്കൂറിലേറെ കാത്തിരിക്കേണ്ട സാഹചര്യവുമാണ്.
© Copyright 2024. All Rights Reserved