പഹല്‍ഗാം: ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 വിനോദസഞ്ചാരികളുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ് പ്രദേശത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയിരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സാറ്റ്‌ലൈറ്റ് കമ്പനിയായ മാക്‌സാര്‍ ടെക്‌നോളജീസില്‍ നിന്ന് ഈ ചിത്രങ്ങള്‍ ആരാണ് വന്‍ വില കൊടുത്ത് വാങ്ങിയതെന്നും, ഇവയ്ക്ക് ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്നും ഇപ്പോള്‍ വ്യക്തമല്ലെന്നും ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ അമേരിക്കന്‍ കമ്പനിയുമായി ഒരു പാക് വിവാദ കമ്പനിക്കുള്ള ബന്ധമാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്.
ലോകത്തെ പ്രധാന സാറ്റ്‌ലൈറ്റ് കമ്പനികളിലൊന്നാണ് അമേരിക്കയിലെ മാക്‌സാര്‍ ടെക്‌നോളജീസ്. ലോകത്തെ വിവിധ സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും മാക്‌സാര്‍ ടെക്‌നോളജീസില്‍ നിന്ന് ഉപഗ്രഹ ചിത്രങ്ങള്‍ സുരക്ഷാ ആവശ്യങ്ങള്‍ക്കടക്കം വാങ്ങാറുണ്ട്. ജമ്മു കശ്‌മീരിലെ പഹല്‍ഗാമിന്‍റെയും മറ്റ് പ്രധാന കശ്‌മീര്‍ പ്രദേശങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങള്‍ക്ക് 2025 ഫെബ്രുവരി 2 മുതല്‍ 22 വരെ വന്‍ ഡിമാന്‍ഡ് മാക്‌സാര്‍ ടെക്‌നോളജീസിനെ തേടിയെത്തി. പഹല്‍ഗാമിന്‍റെ മാത്രം ഉപഗ്രഹ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് മാക്‌സാര്‍ ടെക്നോളജീസിന് ഇക്കാലയളവില്‍ 12 അപേക്ഷകള്‍ ലഭിച്ചു. ചിലപ്പോള്‍ യാഥര്‍ശ്ചികമാകാമെങ്കിലും ഈ ഓര്‍ഡറുകളിലെ പെരുപ്പം അസാധാരണമായിരുന്നു. കാരണം, അതിന് മുമ്പ് അനുഭവപ്പെട്ടതിനേക്കാള്‍ ഇരട്ടിയാളുകളാണ് പഹല്‍ഗാമിന്‍റെയും പരിസര പ്രദേശങ്ങളുടെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ തേടി മാക്‌സാറിനെ ഫെബ്രുവരി മാസം സമീപിച്ചത്.
കശ്‌മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പഹല്‍ഗാം അടുത്തിടെ മാറിയിരുന്നു. 2024 ജൂണ്‍ മുതലാണ് പഹല്‍ഗാമിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ക്ക് മാക്‌സാര്‍ ടെക്‌നോളജീസിന്‍റെ വെബ്‌സൈറ്റില്‍ ആവശ്യക്കാര്‍ വന്നുതുടങ്ങിയത്. പാകിസ്ഥാന്‍ ആസ്ഥനമായുള്ള ബിസിനസ് സിസ്റ്റംസ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (BSI) എന്ന ദുരൂഹ കമ്പനി മാക്‌സാറുമായി കരാര്‍ സ്ഥാപിച്ച ശേഷമായിരുന്നു ഈ ആദ്യ ഓര്‍ഡര്‍. പഹല്‍ഗാമിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ക്കായി മാക്‌സാറിനെ സമീപിച്ചത് ബിഎസ്ഐ ആണോ എന്ന് വ്യക്തമല്ല. എങ്കിലും ഒരു പാക് വിവാദ കമ്പനി, അമേരിക്കന്‍ സാറ്റ്‌ലൈറ്റ് കമ്പനിയുമായി കരാറിലെത്തിയതിന് പിന്നാലെ പഹല്‍ഗാമിന്‍റെ ഉപഗ്രഹ ചിത്രത്തിന് ഓര്‍ഡര്‍ ലഭിച്ചതും പിന്നീട് ആവശ്യം കുത്തനെ ഉയര്‍ന്നതും നിസ്സാരമായി കാണേണ്ട എന്ന് പ്രതിരോധ വിദഗ്ധര്‍ ദി പ്രിന്‍റനോട് പറഞ്ഞു. ബിസിനസ് സിസ്റ്റംസ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ദുരൂഹമായ പശ്ചാത്തലമാണ് ഇതിന് കാരണം.
അമേരിക്കയില്‍ ഫെഡറല്‍ കുറ്റകൃത്യത്തിന് നടപടി നേരിടേണ്ടിവന്നിട്ടുള്ള കമ്പനിയാണ് ബിസിനസ് സിസ്റ്റംസ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് അഥവാ ബിഎസ്ഐ. ഈ കമ്പനിയുടെ സ്ഥാപകനായ ഒബൈദുള്ള സയിദ്, ഉയര്‍ന്ന-പെര്‍ഫേമന്‍സുള്ള കമ്പ്യൂട്ടര്‍ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും പാകിസ്ഥാന്‍ അറ്റോമിക് എന്‍ര്‍ജി കമ്മീഷനിലേക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്തതിന് ഒരു വര്‍ഷം യുഎസില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ്. പാകിസ്ഥാനില്‍ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും അടക്കം നിര്‍മ്മിക്കാനും പരീക്ഷിക്കാനും ചുമതലയുള്ള ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സിയാണ് പാകിസ്ഥാന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍.
© Copyright 2024. All Rights Reserved