ടെക്സാസ്: മൂന്ന് വർഷത്തിനിടെ തടാകത്തിൽ നിന്ന് കണ്ടെത്തിയത് 19 മൃതശരീരങ്ങൾ. കണ്ടെത്തിയ മൃതദേഹങ്ങളിൽ ഏറിയ പങ്കും പുരുഷന്മാരുടേത്. 2022നും 2025 ജൂണിനും ഇടയിലായി 38ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി നാട്ടുകാരും വാദിക്കാൻ തുടങ്ങിയതോടെ അക്ഷരാർത്ഥത്തിൽ ഭീതിയിലായിരിക്കുകയാണ് അമേരിക്കയിലെ ടെക്സാസിന് സമീപത്തെ ഓസ്റ്റിൻ. സീരിയൽ കില്ലർ മേഖലയിൽ പിടി തരാതെ സജീവമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ടെക്സാസിലെ ഏറെ പ്രസിദ്ധമായ കൊളറാഡോ നദിയുടെ ഭാഗമാണ് ഓസ്റ്റിനിലെ ലേഡി ബേർഡ് തടാകം. മദ്യപാനികൾ ഏറെയെത്തുന്ന റെയ്നി സ്ട്രീറ്റ് എന്ന തെരുവിനെ തൊട്ടടുത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. രാത്രി വൈകി തടാകക്കരയിൽ മദ്യപിച്ച് ലക്കുകെടുന്നവരാണ് മരിച്ചവരിലേറെയുമെന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. ഇതിനാൽ റെയ്നി സ്ട്രീറ്റ് റിപ്പർ എന്നാണ് അജ്ഞാതനായ കൊലയാളിക്ക് നാട്ടുകാർ നൽകിയിരിക്കുന്ന പേര്. ഇത്തരത്തിലൊരു സീരിയൽ കില്ലർ മേഖലയിൽ ഇല്ലെന്ന പൊലീസ് വാദം വിശ്വസിക്കാനും നാട്ടുകാർ തയ്യാറല്ല. കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒരെണ്ണം മാത്രമാണ് കൊലപാതകമെന്നും അതിനാൽ തന്നെ ഇത്തരമൊരു സീരിയൽ കില്ലർ ലേഡി ബേർഡ് തടാകമുള്ള മേഖലയിൽ ഇല്ലെന്ന് പൊലീസ് വിശദമാക്കുമ്പോഴും ഇത്രയധികം ആളുകളുടെ മരണ കാരണം അജ്ഞാതമായി തന്നെ തുടരുകയാണ്.
തടാകത്തിൽ കായാക്കിംഗ് പോലുള്ള വിനോദത്തിനെത്തിയ കൗമാരക്കാരനാണ് അവസാനമായി തടാകത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹം. ഈ കൗമാരക്കാരൻ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെയായിരുന്നു തടാകത്തിൽ ഇറങ്ങിയത്. കുടുംബത്തോടൊപ്പമായിരുന്നു കൗമാരക്കാരൻ ഇവിടെ എത്തിയതും. എന്നാൽ സംഭവങ്ങളിൽ ദുരൂഹതയുണ്ടെന്ന് വാദം ശക്തമാക്കുകയാണ് നാട്ടുകാർ. കേസുകൾ പരിശോധിക്കുകയാണെന്നാണ് മൃതദേഹം കണ്ടെത്തിയതിനേക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം. എല്ലാ കേസുകളും സൂക്ഷ്മമായി പരിശോധിച്ച് തെളിവുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ഓസ്റ്റിനിലെ പൊലീസ് അധികൃതർ നേരത്തെ എക്സിൽ പ്രതികരിച്ചിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങളിൽ ആക്രമിക്കപ്പെട്ടതിന്റെ സൂചന ഇല്ലാത്തതിനാൽ തന്നെ മരണങ്ങളിൽ ദുരൂഹത ഇല്ലെന്ന വാദവും പൊലീസ് മുന്നോട്ട് വയ്ക്കുന്നു.
രാത്രിയിൽ മദ്യലഹരിയിൽ തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങുന്നതോടെ ആളുകൾ മുങ്ങിപ്പോവുന്നതായാണ് പൊലീസ് വാദിക്കുന്നത്. രാത്രി പത്ത് മണിക്ക് സമീപത്തെ പാർക്ക് അടച്ച ശേഷമാണ് മരണങ്ങൾ നടന്നിട്ടുള്ളതെന്നും പൊലീസ് വിശദമാക്കുന്നു. സംഭവിച്ചതിൽ ഏറെയും മദ്യ ലഹരിയിലുള്ള മുങ്ങിമരണങ്ങൾ മാത്രമാണെന്നും പൊലീസ് വിശദമാക്കുമ്പോഴും ഇത് വിശ്വസിക്കാൻ നാട്ടുകാർ തയ്യാറല്ല. മരണവാർത്തകൾ ഒന്നിന് പുറകേ ഒന്നായി പുറത്ത് വന്ന് തുടങ്ങിയതോടെ മൃതദേഹങ്ങൾ കണ്ടെത്തിയവരുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഒരു ഗ്രൂപ്പ് ആരംഭിച്ച് മരണങ്ങളിൽ വിശദമായ അന്വേഷണവും തടാകത്തിന് ചുറ്റും കൂടുതൽ വെളിച്ചവും സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.
© Copyright 2024. All Rights Reserved