മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോവുകയായിരുന്ന 'എം.എസ്.വി സലാമത്ത്' എന്ന ചരക്ക് കപ്പൽ വൻ തിരമാലയിൽ ഇടിച്ചതിനെ തുടർന്ന് മുങ്ങി. മംഗളൂരുവിൽ നിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടം. കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും തീരസംരക്ഷണസേന രക്ഷപ്പെടുത്തി.
-----------------------------
തിങ്കളാഴ്ച മംഗളൂരു തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഞായറാഴ്ച കട്മത്ത് ദ്വീപിൽ എത്തിച്ചേരുന്ന രീതിയിലായിരുന്നു സഞ്ചാരക്രമം. എന്നാൽ, ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30ന് കപ്പൽ വലിയ തിരമാലയിൽപെട്ടു. സിമൻറ്, നിർമാണ സാമഗ്രികൾ, ഭക്ഷണസാധനങ്ങൾ എന്നിവയാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ ജീവനക്കാർ ഒരു ചെറിയ ഡിങ്കിയിൽ അഭയം തേടി. സമീപത്തുള്ള വ്യാപാര കപ്പലിലെ ജീവനക്കാർ കുടുങ്ങിക്കിടക്കുന്ന ജീവനക്കാരെ കാണുകയും മംഗളൂരുവിൽ നിലയുറപ്പിച്ച തീരസംരക്ഷണസേനയെ വിവരം അറിയിക്കുകയും ചെയ്തു. പട്രോളിങ് നടത്തിയിരുന്ന തീരസംരക്ഷണസേനയുടെ ഐ.സി.ജി.എസ് വിക്രം കപ്പലിലെ സംഘം ഡിങ്കിയിൽ നിന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി. പ്രഥമശുശ്രൂഷ നൽകി ജീവനക്കാരെ സുരക്ഷിതമായി മംഗളൂരു തുറമുഖത്തെത്തിച്ചു.
© Copyright 2024. All Rights Reserved