മംദാനി ഉറച്ചു വോട്ട് വാരി'; ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയർ സൊഹ്റാൻ മംദാനിയുടെ ജീവിതവഴികളിലൂടെ

06/11/25

സൊഹ്റാന്, പ്രതിസന്ധിഘട്ടങ്ങളിൽ ലോകത്തോട് എങ്ങനെ ഇടപെടണമെന്ന് നീ ഞങ്ങളെ പഠിപ്പിക്കുന്നു. അനേകർക്കു നീ പ്രചോദനമാകട്ടെ, ഒരു പുതിയ വഴിത്താര വെട്ടിത്തുറക്കുകയും ചെയ്യട്ടെ!'…ഏതാനും വർഷങ്ങൾക്കു മുൻപ് 'നെയ്‌തർ സെറ്റ്ലർ നോർ നേറ്റിവ്' എന്ന പുസ്‌തകം മകനു സമർപ്പിച്ചുകൊണ്ട് മഹ്‌മുദ് മംദാനി കുറിച്ച വാക്കുകൾ. പിതാവിൻ്റെ പ്രതീക്ഷയെക്കാളും സൊഹ്റാൻ വളർന്നിരിക്കുന്നു. ന്യൂയോർക്ക് നഗരം ഈ ചെറുപ്പക്കാരനിൽ പ്രചോദനം കണ്ടെത്തിയിരിക്കുന്നു. പുതിയ മേയർ തുല്യതയുടെ വഴിത്താര തുറക്കുമെന്ന് അവർ വിശ്വസിക്കുന്നു.

യുഗാണ്ടയുടെ തലസ്‌ഥാനമായ കംപാലയിൽ 1991ലാണ് സൊഹ്റാൻ ക്വാമെ മംദാനി ജനിച്ചത്. പ്രശസ്‌ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും കൊളംബിയ സർവകലാശാലയിലെ പ്രഫസർ മഹ്‌മുദ് മംദാനിയുടെയും മകൻ. ഏതാനും വർഷം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ കഴിഞ്ഞ ശേഷം, ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ന്യൂയോർക്കിലെത്തി. മാതാപിതാക്കളുടെ പ്രശസ്‌തിയുടെ തണലിലായിരുന്നെങ്കിലും, ചെറുപ്പം മുതലേ സ്വന്തമായൊരു വഴി വെട്ടിത്തെളിക്കാൻ സൊഹ്റാൻ ശ്രമിച്ചു.

ബ്രോങ്ക്സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ പഠിക്കുമ്പോൾ, സ്കൂ‌ളിലെ ആദ്യത്തെ ക്രിക്കറ്റ് ടീമിനു തുടക്കമിട്ടു. ബൗഡിൻ കോളജിൽനിന്ന് ആഫ്രിക്കൻ സ്‌റ്റഡീസിൽ ബിരുദം നേടി. കോളജ് കാലത്തുതന്നെ 'സ്‌റ്റുഡൻ്റ്സ് ഫോർ ജസ്റ്റ‌ിസ് ഇൻ പലസ്തീൻ' സംഘടനയുടെ ക്യാംപസ് ചാപ്റ്റർ സ്‌ഥാപിച്ചുകൊണ്ട് സൊഹ്റാൻ രാഷ്ട്രീയ നിലപാടു വ്യക്‌തമാക്കി. 2018 ലാണ് യുഎസ് പൗരത്വം നേടിയത്.

സംഗീതം എക്കാലത്തും സൊഹ്റാൻ്റെ സിരകളിലുണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്കു കടക്കുന്നതിനു മുൻപ് 'മിസ്‌റ്റർ കാർഡമം' എന്ന പേരിൽ റാപ്പറായി പേരെടുത്തു. തൻ്റെ ദക്ഷിണേഷ്യൻ വേരുകളെക്കുറിച്ചു പറയുന്ന 'നാനി' എന്ന റാപ് വിഡിയോ ശ്രദ്ധേയമായി. അമ്മ മീരാ നായരുടെ 'ക്വീൻ ഓഫ് കത' എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്കിലും ഭാഗമായി.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന സാധാരണക്കാരെ സഹായിക്കുന്ന ഹൗസിങ് കൗൺസിലറായി പ്രവർത്തിച്ച അനുഭവമാണ് സൊഹ്റാനെ പൂർണമായും രാഷ്ട്രീയത്തിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്. സിറിയൻ -അമേരിക്കൻ ആർട്ടിസ്‌റ്റായ റാമ ദുവാജിയെ 2024 ഡിസംബറിൽ സൊഹ്റാൻ ജീവിതത്തിലേക്കു കൈപിടിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu