മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. പതിനാല് ദിവസത്തിനകം അന്വേഷക സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് മരട് പൊലീസ് നൽകിയ നോട്ടീസിലെ നിർദേശം. സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും ഷോൺ ആന്റണിക്കും നോട്ടീസയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
-------------------aud--------------------------------
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നാണ് പരാതി. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിർമാതാക്കൾ പണം കൈപ്പറ്റിയത്. ചിത്രത്തിന്റെ നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണാണ് പണം വാങ്ങിയത്. ഏഴ് കോടി രൂപ മുടക്കിയിട്ടും ചിത്രം വൻ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു ആരോപണം.
എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയിരുന്നത്. അന്വേഷണം തുടരുന്നതിനിടെ നിർമാതാക്കൾ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 18 കോടി രൂപ മാത്രമാണ് ചെലവായതെന്ന് പൊലീസ് കോടതിയിൽ തെളിവ് സമർപ്പിച്ചതിനെത്തുടർന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബാങ്ക് രേഖകളും ശേഖരിച്ചിരുന്നു. തുടർന്നാണ് അന്വേഷണത്തിൽ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 150 കോടി രൂപയിലധികം ചിത്രം കലക്ട് ചെയ്തിട്ടുണ്ട്. നികുതിയുൾപ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
© Copyright 2024. All Rights Reserved