
കിങ്സ്റ്റൺ: മണിക്കൂറിൽ 275 കിലോമീറ്റർ വേഗം. ചൊവ്വാഴ്ച പുലർച്ചയോടെ കര തൊടും. വൻ നാശം വിതയ്ക്കുമെന്ന് വിലയിരുത്തുന്ന മെലിസ കൊടുങ്കാറ്റ് കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് എത്തുന്നു. ദ്വീപിൽ പേമാരിയും അതിശക്തമായ കാറ്റും ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. തിങ്കളാഴ്ച മെലിസ ചുഴലിക്കാറ്റി പരമാവധി ശക്തിയുള്ള കൊടുങ്കാറ്റിന്റെ വിഭാഗമായ കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇതിനോടകം 4 പേരുടെ മരണത്തിന് കാരണമായ മെലിസ ജമൈക്കയിൽ ഇതുവരെ നേരിട്ടതിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ആയി മാറിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരത്തോട് അടുക്കുമ്പോൾ മെലിസയുടെ വേഗത കുറയുന്നത് കരയിൽ പേമാരി ശക്തമാകാൻ കാരണമാകും. ഇത് മാരകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂട്ടുമെന്നതാണ് ജമൈക്കയെ വലയ്ക്കുന്നത്.
















© Copyright 2025. All Rights Reserved