
ബെയ്ജിങ്. ബെയ്ജിങ്ങിൽ നടന്ന സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ചും മനുഷ്യന്റെ ദീർഘായുസ്സിനെക്കുറിച്ചും സംസാരിച്ചെന്ന് റിപ്പോർട്ട് രണ്ടാം ലോക മഹായുദ്ധത്തിൻ്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ പങ്കെടുക്കാൻ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനൊപ്പം ഇരു നേതാക്കളും എത്തിയപ്പോഴാണ് ഇത്തരമൊരു സംസാരം നടന്നത്.
ഇരുനേതാക്കളുടെയും സ്വകാര്യ സംഭാഷണം, അറിയാതെ ഓണായിരുന്ന മൈക്ക് വഴിയാണ് പുറത്തുവന്നത്. ബെയ്ജിങ്ങിലെ ടിയാനൻമെൻ സ്ക്വയറിൽ നടന്ന സൈനിക പരേഡിനായി നടന്നുവരവെ ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണം മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.
. എന്താണ് പുട്ടിനും ഷിയും സംസാരിച്ചത്?
ഷി ചിൻപിങ് - "പണ്ടൊക്കെ പറയുമായിരുന്നു. 70 വയസ്സിനപ്പുറത്ത് മനുഷ്യർ അപൂർവ്വമായി മാത്രമേ ജീവിക്കൂ എന്ന് പക്ഷേ, ഇന്ന് 70കളിലും പലരും കുട്ടിയാണ്."
പുടിൻ - "അതെ, കുറച്ച് വർഷങ്ങൾക്കുള്ളിൽ ബയോടെക്നോളജിയുടെ വികാസം കൊണ്ട് മനുഷ്യാവയവങ്ങൾ നിരന്തരം മാറ്റിവയ്ക്കാൻ സാധിച്ചേക്കും കൂടുതൽ ജീവിക്കുമ്പോൾ കൂടുതൽ യുവത്വം ലഭിച്ചേക്കും. ആ നിലയിൽ മരണമില്ലാതെ ജീവിക്കാനും സാധിച്ചേക്കും."
ഷി ചിൻപിങ് - "ഈ നൂറ്റാണ്ടിൽതന്നെ മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാൻ കഴിയുമെന്നാണ് ചിലരുടെ പ്രവചനം."
പുട്ടിനും ഷി ചിൻപിങ്ങിനൊപ്പം നടന്നിരുന്ന കിം ജോങ് ഉൻ ഇതു ശ്രദ്ധിക്കുകയും ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ഇവരുടെ സംഭാഷണം കൃത്യമായി കേട്ടിരുന്നോ എന്ന് വ്യക്തമല്ല. അതേസമയം, റഷ്യൻ സർക്കാരോ ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ഈ ചർച്ച സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
















© Copyright 2025. All Rights Reserved