‘മരണത്തെക്കാൾ ഭയാനകം ഗാസയിലെ ജീവിതം’: ഗാസയിലെ കുഞ്ഞുങ്ങളുടെ പ്രതീകങ്ങളായി ഹുദയ്‌, ഹംസ

07/10/25

മവാസി (ഗാസ) ശാന്തമായൊരു നിമിഷം പോലുമുണ്ടായിട്ടില്ല ഹുദയ്‌യുടെയും ഹംസയുടെയും ജീവിതത്തിൽ. 2023 നവംബർ 2ന്, ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങി ഏതാണ്ടു രണ്ടു മാസം കഴിഞ്ഞപ്പോഴായിരുന്നു അവരുടെ ജനനം. എപ്പോഴും യുദ്ധവിമാനങ്ങളുടെ ഇരമ്പലും സ്ഫോടനങ്ങളും വെടിയൊച്ചകളും മാത്രം. തെരുവുകളിൽ അലഞ്ഞ് ടെൻ്റുകളിൽ കയറിപ്പറ്റി ഒരിടത്തും ഉറച്ചുനിൽക്കാത്ത ജീവിതയാത്രയാണ് അവരുടേത്. തെക്കൻ ഗാസ തീരത്ത് തിങ്ങിനിറഞ്ഞ അഭയാർഥികളുടെ സങ്കടക്കരച്ചിലുകൾക്കിടയിലാണ് അവരിപ്പോൾ. ഗാസയിലെ കുട്ടികളുടെ ജീവിതത്തിന്റെ പ്രതീകങ്ങളാണ് ഹുദയ‌ം ഹംസയും.

'സമാധാനം, ഭക്ഷണം, വിദ്യാഭ്യാസം- ഇതായിരുന്നു അവരുടെ ഭാവിയെപ്പറ്റിയുള്ള എൻ്റെ സ്വപ്‌നം' - അവരുടെ മാതാവ് ഈമാൻ പറഞ്ഞു. 'ഇപ്പോൾ അവരുടെ വളർച്ച വളരെപ്പതുക്കെയാണ്. സംഘർഷം തുടർന്നാൽ അവർക്കും ഗാസയിലെ പുതിയ തലമുറയ്ക്കുമേൽക്കുന്ന മുറിവ് ആഴമേറിയതായിരിക്കും'- ഈമാൻ പറഞ്ഞു.

ഇസ്രയേൽ ആക്രമണം തുടങ്ങിയപ്പോൾ തൊട്ടടുത്തുള്ള സ്കൂ‌ളിലാണ് ഈമാൻ ആദ്യം അഭയം തേടിയത്. പ്രസവത്തിനായി ആശുപത്രിയിലേക്കു പോകാൻ വാഹനമുണ്ടായിരുന്നില്ല. നടന്ന് ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്ച്‌ച വിവരിക്കാൻ കഴിയില്ല. മൃതദേഹങ്ങളും പരുക്കേറ്റവരും ഇടകലർന്നു കിടക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്കിടയിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു. ഇസ്രയേൽ ഉപരോധം കാരണം കുട്ടികൾക്കുള്ള മരുന്നിനും ഫോർമുല മിൽക്കിനും ക്ഷാമം. മുലയൂട്ടുന്ന മറ്റ് അമ്മമാരുടെ സഹായം തേടിയെങ്കിലും അതും എളുപ്പമായിരുന്നില്ല. ഒടുവിൽ, പ്രസവിച്ച അന്നു തന്നെ ദുരിതാശ്വാസ ക്യാംപിലേക്കു മാറി. നാസർ ആശുപത്രി ഉൾപ്പെടെ, പോയിടത്തെല്ലാം ബോംബാക്രമണമുണ്ടായി. സഹായവിതരണ കേന്ദ്രത്തിലേക്കു പോയ ഭർത്താവ് വെടിവയ്‌പിൽ കൊല്ലപ്പെട്ടു.

മവാസിയിലെ ടെൻ്റിലാണിപ്പോൾ ഈമാനും മക്കളും. ടെന്റിലെ ജീവിതം നരകതുല്യമാണ്. പ്രാഥമികാവശ്യങ്ങൾക്ക് ടെന്റുകൾക്ക് ചുറ്റും കുഴിയെടുക്കുകയല്ലാതെ മറ്റു വഴിയില്ല. മലിനജലം ചുറ്റും പരന്നുകിടക്കുന്നു. എപ്പോഴും പുകയും ദുർഗന്ധവും. വല്ലപ്പോഴും സഹായവിതരണ ട്രക്കുകൾ വന്നാൽ ബ്രെഡ് പോലെ വല്ലതും കഴിക്കാൻ കിട്ടും. എങ്കിലും മറ്റെല്ലാ ഗാസക്കാരെയുംപോലെ ഈമാനും പ്രതീക്ഷിക്കുന്നു. 'ദൈവം ഇതുകാണും, യുദ്ധം അവസാനിക്കും, ഈ കുഞ്ഞുങ്ങൾക്ക് ശാന്തമായൊരു ജീവിതമുണ്ടാകും'-

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu