
ധരംശാല. അറുനൂറ് വർഷം പഴക്കമുള്ള ടിബറ്റൻ ബുദ്ധിസത്തിന്
അവസാനമാകുന്നുവെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. തൻ്റെ മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് ബുധനാഴ്‌ച ദലൈലാമ പ്രഖ്യാപിച്ചു. പിൻഗാമിയെ കണ്ടെത്താനുള്ള അധികാരം താൻ സ്‌ഥാപിച്ച ഗമെൻ ഫോട്രാങ് ട്രസ്റ്റിനാണെന്നും ഈ വിഷയത്തിൽ മറ്റാർക്കും ഇടപെടാൻ അവകാശമില്ലെന്നും അദ്ദേഹം ചൈനയെ ലക്ഷ്യമിട്ടു പറഞ്ഞു.
ധരംശാലയിലെ മലോഡ് ഗഞ്ചിൽ 3 ദിവസത്തെ ടിബറ്റൻ ബുദ്ധസന്യാസിമാരുടെ സമ്മേളനത്തിൽ നൽകിയ വിഡിയോ സന്ദേശത്തിലായിരുന്നു പ്രഖ്യാപനം ദലൈലാമയുടെ 90-ാ ജന്മദിനം ജൂലൈ ആറിന് ആഘോഷിക്കാനിരിക്കെയാണ് പിൻഗാമി വരുമെന്ന ദലൈലാമയുടെ പ്രഖ്യാപനം.
എന്നാൽ, പിൻഗാമിയെ കണ്ടെത്താനുള്ള അവകാശം തങ്ങൾക്കാണെന്ന നിലപാട് ചൈന ആവർത്തിച്ചു. കിങ് രാജവംശത്തിൻ്റെ പാരമ്പര്യത്തെ അടിസ്‌ഥാനമാക്കി ദലൈലാമ, പഞ്ചൻ ലാമ എന്നീ ബുദ്ധപുനർജന്മങ്ങളെ സ്വർണകലശത്തിൽനിന്നു നറുക്കിട്ടെടുക്കുമെന്നും കേന്ദ്ര സർക്കാർ ഇതിന് അംഗീകാരം നൽകുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
എന്നാൽ, തന്റെ പിൻഗാമി ചൈനയ്ക്കുപുറത്ത് സ്വതന്ത്ര ലോകത്ത് ജനിക്കുമെന്നും അത് ഒരു കുട്ടിയോ പുരുഷനോ ആയിരിക്കണമെന്നില്ല എന്നുമാണ് ദലൈലാമ പറഞ്ഞത്. ടിബറ്റൻ ബുദ്ധിസത്തിലെ രണ്ടാമത്തെ നേതാവ് പഞ്ചൻ ലാമയെ ചൈനയും ദലൈലാമയും വെവ്വേറെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ദലൈലാമയുടെ മരണശേഷമേ പുതിയ ലാമയ്ക്കായുള്ള അന്വേഷണം തുടങ്ങാവൂ എന്നാണു കീഴ്വഴക്കം എന്നാൽ, ഈ സമയത്തിനുള്ളിൽ ചൈന മറ്റൊരാളെ ദലൈലാമയായി പ്രഖ്യാപിക്കുമോയെന്നാണ് ബുദ്ധമത വിശ്വാസികളുടെ ആശങ്ക.
















© Copyright 2025. All Rights Reserved