മോസ്കോ: മസിൽ പെരുപ്പിക്കാനായി കുത്തിവയ്പുകൾ എടുത്തു. റഷ്യൻ ഹൾക്ക് എന്ന പേരിൽ പ്രശസ്തനായ ബോഡി ബിൽഡർക്ക് ദാരുണാന്ത്യം. 35ാം വയസിലാണ് നികിത കാചുക് മരണത്തിന് കീഴടങ്ങിയത്. ബോഡിബിൽഡിംഗിന്റെ ഭാഗമായി എടുത്ത കുത്തിവയ്പുകൾ മൂലം കിഡ്നി തകരാറിലാവുകയും ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തതാണ് 35കാരന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്നാണ് ഭാര്യ മരിയ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
നികിത കാചുകിന്റെ ഭാര്യയും ബോഡി ബിൽഡറാണ്. 21ാം വയസിൽ റഷ്യയിലെ മാസ്റ്റർ ഓഫ് സ്പോർട്സ് എന്ന ടൈറ്റിൽ സ്വന്തമാക്കിയ വ്യക്തിയാണ് നികിത കാചുക്. 350 കിലോ ഡെഡ്ലിഫ്റ്റ്, 350 കിലോ സ്ക്വാട്ട്, 210 കിലോ ബെഞ്ച് പ്രസ് എന്നിവയാണ് മാസ്റ്റർ ഓഫ് സ്പോർട്സ് ടൈറ്റിലിനായി പൂർത്തിയാക്കിയത്. അടുത്തിടെയായി ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനവുമായി കരാറിൽ നികിത കാചുക് ഏർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സിന്തോൾ ഇൻജക്ഷനുകൾ നികിത കാചുക് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ നികിതയുടെ മസിലുകൾ വലിയ രീതിയിൽ വലുപ്പം വച്ചിരുന്നു. ഒരു ഘട്ടത്തിന് ശേഷം ഇൻജക്ഷനുകൾ സ്വീകരിക്കാതിരിക്കാൻ പറ്റാത്ത സ്ഥിതിയിലായെങ്കിലും കരാർ അനുസരിച്ച് ഇവ സ്വീകരിക്കേണ്ടി വന്നതാണ് 35കാരന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയത്. ഇതിനിടെ കൊവിഡ് ബാധിതൻ കൂടിയായതോടെ നികിത കാചുകിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു.
ശ്വാസകോശ സംബന്ധിയായ ഓട്ടോ ഇമ്യൂൺ തകരാറുകൾ നേരിട്ടിരുന്ന 35കാരന്റെ കാലുകളിൽ കാൽസ്യം അടിഞ്ഞ് കൂടി വീർത്ത നിലയിലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ എംആർഐ പരിശോധനയിലാണ് കിഡ്നി തകരാറിലാണെന്നത് വ്യക്തമായത്. ഒരു വർഷം മുൻപ് സിന്തോൾ ഇൻജക്ഷനുകൾ സ്വീകരിക്കുന്നതിനേക്കുറിച്ച് നികിത മുന്നറിയിപ്പ് നൽകിയിരുന്നു. പരിശീലന മേഖലയിലേക്ക് തിരിച്ചെത്താൻ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായെങ്കിലും 35കാരന്റെ ജീവൻ രക്ഷിക്കാനാവാതെ വരികയായിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ചാണ് 35കാരൻ മരിച്ചതെന്ന് ഉഖ്ത പവർ സ്പോർട്സ് ഫെഡറേഷൻ വ്യക്തമാക്കി. കാചുകിന്റെ അരക്കെട്ടിലും വലിയ തോതില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്ന അവസ്ഥയുണ്ടായിരുന്നു. രക്തക്കുഴലുകളും വൃക്കകളും കാല്‍സ്യം അടിഞ്ഞ് ബ്ലോക്ക് ആയ അവസ്ഥയിലായിരുന്നെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved