
ടാരിഫും ഗ്രീൻലാൻഡുമൊക്കെ അമേരിക്കൻ - യൂറോപ്യൻ ബന്ധത്തിൽ ചെറിയ വിള്ളലുകൾ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. മാറിമാറി വരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ തീരുമാനിച്ചിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. അതിന്റെ സൂചനയെന്നോണം എലൻ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ എക്‌സിന്റെ ഫ്രാൻസിലെ ആസ്ഥാനത്ത് പ്രോസിക്യൂട്ടർമാർ റെയ്ഡ് നടത്തി. ചില സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഹാജരാകണമെന്ന് കാണിച്ച് എലൻ മസ്‌കിനും എക്‌സിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടിവിനും സമൻസ് അയച്ചിട്ടുമുണ്ട്.
അന്വേഷണം നടക്കുന്ന സംഭവങ്ങൾ അരങ്ങേറുന്ന സമയത്തെ ഈ പ്ലാറ്റ്‌ഫോമിന്റെ ചുമതലക്കാർ എന്ന നിലയിലാണ് മസ്‌കിനോടും ലിൻഡ യാക്കാരിനോയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിലായിരുന്നു യാക്കാരിനോ എക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിഞ്ഞത്. യൂറോപ്യൻ രാജ്യങ്ങൾ ഒന്നാകെ തന്നെ സമൂഹമാധ്യമങ്ങൾക്ക് മേൽ കർക്കശ സമീപനം കൈക്കൊള്ളുന്ന പശ്ചാത്തലത്തിലാണ് ഈ റെയ്ഡ് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുകയാണ്.
അതിനിടയിൽ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ ഇടപെടലുകൾ പൂർണ്ണമായും നിരോധിക്കുന്ന നിയമം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ഗ്രീസ് പ്രഖ്യാപിച്ചു. അതേസമയം, 16 വയസിൽ താഴെയുള്ളവർക്കിടയിൽ സമൂഹമാധ്യമ ഉപയോഗം നിരോധിക്കുന്നത് അടക്കമുള്ള നടപടികൾക്കായി രൂപം നൽകിക്കൊണ്ടിരിക്കുകയാണെന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻഷെസ് അറിയിച്ചു. ഡിജിറ്റൽ വലയുടെ ഇരുണ്ട കുഴികളിൽ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പും വിദ്വേഷവും പരത്തുന്ന ഉള്ളടക്കങ്ങൾ ഈ മാധ്യമങ്ങളിൽ വ്യാപകമാകുന്നതായും അദ്ദേഹം ആരോപിച്ചു.
അഞ്ച് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർക്ക് സ്‌പെയിനിൽ നിയമപരമായി തുടരുന്നതിനുള്ള അനുവാദം നൽകുന്ന തന്റെ നടപടിയെ തെറ്റായി വ്യാഖ്യാനിച്ച് അതിനെതിരെ പ്രചാരണം നടത്തിയ മസ്‌കിന്റെ പ്രവർത്തനത്തെയും സാൻഷെസ് വിമർശിച്ചു. എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചായിരുന്നു സ്‌പെയിൻ സർക്കാർ തീരുമാനത്തിനെതിരെ എലൻ മസ്‌ക് കടുത്ത വിമർശനം ഉയർത്തിയത്. മസ്‌ക് ഒരു കുടിയേറ്റക്കാരനാണെന്ന കാര്യം അദ്ദേഹം ഇടയ്ക്കിടെ ഓർക്കണമെന്നും സ്പാനിഷ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
അൽഗോരിതം ദുരുപയോഗം ചെയ്തതും ഡാറ്റ നിയമവിരുദ്ധമായി ചോർത്തിയെടുത്തതുമായ സംഭവങ്ങളുടെ പേരിലാണ് ഇപ്പോൾ പാരീസിൽ എക്‌സ് ആസ്ഥാനത്ത് നടന്ന റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട കേസ് കൂടുതൽ വിപുലീകരിച്ച് എക്‌സിന്റെ ആർട്ടിഫിഷ്യൽ ഇന്റജിലൻസ് ടൂൾ ആയ ഗ്രോക്കിനെ കുറിച്ചുള്ള പരാതികളും കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണം എന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. ലൈംഗിക ചുവയുള്ള ഡീപ് ഫേക്കുകൾ സൃഷ്ടിച്ചതുൾപ്പടെയുള്ള കാര്യങ്ങൾ പരാതിയായി ലഭിച്ചിട്ടുണ്ട്.
















© Copyright 2025. All Rights Reserved